തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ ചെറുചിരിയും മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലായി. പത്രസമ്മേളനത്തിനിടെ യൂട്യൂബർ ഫിജിൻ ചോദ്യം ചോദിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചുണ്ടുകടിച്ചും തലയാട്ടിയും നൽകിയ പ്രതികരണമാണ് വ്യാപകമായി ശ്രദ്ധനേടിയത്. “പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്യും. പറഞ്ഞതൊക്കെ നടത്താനല്ലേ നമ്മൾ വന്നിരിക്കുന്നത്” എന്ന മറുപടിയും സോഷ്യൽ മീഡിയ ഏറ്റെടുത്തു.
മലപ്പുറം നിലമ്പൂർ എടക്കര സ്വദേശിയായ ഫിജിനാണ് ചോദ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പ്രതികരണം ഉൾപ്പെടുത്തിയ റീൽ ലക്ഷക്കണക്കിന് ആളുകളിലെത്തിയതോടെയാണ് സംഭവം വൈറലായത്. തമിഴ് സംഗീതസംവിധായകൻ അനിരുദ്ധിന്റെ സംഗീതം ചേർത്ത് പുറത്തിറക്കിയ വീഡിയോയ്ക്ക് കോടിക്കണക്കിന് കാഴ്ചക്കാരും ലക്ഷക്കണക്കിന് ലൈക്കുകളും ലഭിച്ചു. പിന്നാലെ മുഖ്യമന്ത്രിക്ക് ‘പൂക്കി മുഖ്യമന്ത്രി’ എന്ന പേരും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
മുഖ്യമന്ത്രിയുടെ ഭാവവും ചിരിയും അനുകരിച്ച് നിരവധി റീലുകളും ട്രോളുകളും പുറത്തിറങ്ങി. കുട്ടികൾ ഉൾപ്പെടെ പലരും വ്യത്യസ്ത സാഹചര്യങ്ങൾ ചേർത്ത് വീഡിയോ നിർമിച്ചു. “ആ പയ്യന്റെ ചോദ്യം കേട്ടപ്പോൾ വാത്സല്യമാണ് തോന്നിയത്” എന്നാണ് പിന്നീട് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിയെത്തിയതായും ഉടൻ നേരിൽ കാണാനിരിക്കുകയാണെന്നും ഫിജിൻ അറിയിച്ചു.











Leave a Reply