ഫാ. ഹാപ്പി ജേക്കബ്

സ്നേഹം എന്ന ആശയം ധാരാളം. നാം കേട്ടിട്ടുള്ളതും നാം അത്  പരിപാലിക്കുന്നവരുമാണ് എന്നാണ് നാം ധരിച്ചിട്ടുള്ളത്. അഗാധമായി പലരോടും പലതിനോടും നാം സ്നേഹം കാണിക്കാറുമുണ്ട്.  ശക്തി കൊണ്ടും ബലം കൊണ്ടും കീഴ്പ്പെടുത്തുവാൻ പറ്റാത്ത പല ഇടങ്ങളിലും സ്നേഹം അതിൻ്റെ ഭാവം പ്രകടിപ്പിക്കുന്നത് നാം അനുഭവിക്കുമാറുണ്ട്.

ക്രിസ്തുമസ് സ്നേഹത്തിൻ്റെ പ്രതീകമാണ് . തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ച് പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു (. യോഹന്നാൻ  3 : 16 ).  ദൈവം നമ്മെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന് ഇതിനേക്കാൾ വേറെ എന്ത് തെളിവ് നമുക്ക് വേണം.  ഈ സ്നേഹമാണ് ക്രിസ്തു ജനനത്തിന്  ആധാരം. ഈ സ്നേഹം തന്നെയാണ് ഇന്നും ക്രിസ്തുമസിന്റെ പ്രസക്തി .

നമ്മുടെ ജീവിതകാലത്ത് നാം പലതരം സ്നേഹബന്ധങ്ങളിൽ ആയി തീരാറുണ്ട്.  ചിലത് ബന്ധനങ്ങളും ആവും .  ആത്മാർത്ഥമായി നാം സ്നേഹിച്ച പലരും നമുക്ക് തിരികെ തരുന്നത് അവഗണനയും കണ്ണീരും ആയിരിക്കും. നമ്മുടെ സ്നേഹം ചിലപ്പോൾ അവർക്ക് ആവശ്യം വേണമെന്നില്ല;  എന്നാൽ ചിലപ്പോഴാകട്ടെ സ്നേഹം നടിക്കുകയും ചെയ്യും.  ഇങ്ങനെ ഏറ്റക്കുറച്ചിലുകൾ നിറഞ്ഞ സ്നേഹബന്ധങ്ങളിൽ ജീവിക്കുന്ന നാം അറിയണം ദൈവസ്നേഹം എന്താണ് എന്നും അതിൻറെ മഹത്വം എന്താണ് എന്നും . ആ സ്നേഹം നമുക്ക് മനസ്സിലാക്കി തരുന്ന അവസരമാണ് ക്രിസ്തുമസ്.

ക്രിസ്തുമസ് കാലയളവിൽ ഈ സ്നേഹ പ്രതീകങ്ങളായി നാം പങ്കുവയ്ക്കാറുണ്ട്.  കാർഡുകൾ കൈമാറ്റം ചെയ്യും, സമ്മാനങ്ങൾ കൊടുക്കും, ഭക്ഷണങ്ങൾ പങ്കുവയ്ക്കും. എന്നാൽ ഇതെല്ലാം നാം ചെയ്യുന്നത് സ്നേഹം കൊണ്ടാണ് എന്ന് കരുതാൻ വയ്യ.  കാരണം തിരികെ നമുക്ക് ലഭിക്കും എന്ന പ്രതീക്ഷയോടെ ആണ് നാം സമ്മാനങ്ങൾ നൽകുക.  അല്ലാതെ ഒരാൾക്ക് സ്നേഹം പകരുക എന്ന ഭാവം നമ്മളിൽ ഉണ്ടാവുകയില്ല. എന്നാൽ നമ്മുടെ പങ്കുവയ്ക്കലിലൂടെ ഒരാളുടെ എങ്കിലും മനസ്സിൽ പ്രത്യാശ  നിറയുകയും അല്ലായെങ്കിൽ ഒരാളുടെ എങ്കിലും മുഖത്ത് പുഞ്ചിരി വരുത്തുകയും ചെയ്താൽ നാം അറിയാതെ തന്നെ അവർക്ക് നമ്മിലൂടെ ദൈവസ്നേഹം ലഭിക്കും. ഇത്  നാം അറിയണമെങ്കിൽ പ്രേക്ഷിത കാലത്ത് കർത്താവിന്റെ കൂടെ ഉണ്ടായിരുന്നവർ ആരൊക്കെയാണ് എന്ന് നോക്കിയാൽ മതി. ചുങ്കക്കാരും , വേശ്യമാരും , പാപികളും രോഗികളും സമൂഹത്തിന്റെ  അടിത്തട്ടിൽ ഉള്ള എല്ലാവരും അവൻ്റെ സ്നേഹിതർ ആയിരുന്നു.  അവർക്ക് ആവശ്യമായ സ്നേഹം, സമാധാനം , സൗഖ്യം എല്ലാം അവൻ നൽകി അവരെ തൃപ്തരാക്കി .  അവർക്ക് വേണ്ടുന്ന സമ്മാനവും അത് തന്നെയായിരുന്നു.

മറ്റൊരു തരത്തിൽ നാം ചിന്തിക്കുമ്പോൾ ലോകത്തിന് മുഴുവനായി പിതാവ് തന്ന സ്നേഹമാണ്, സമ്മാനമാണ്  ക്രിസ്തു എന്ന രക്ഷിതാവ് . ഈ സമ്മാനത്തെ ഭാഗമാക്കുവാനോ ആവശ്യാനുസരണം ഭിന്നിപ്പിക്കുവാനോ  നമുക്ക് അവകാശമില്ല. ആയ തിനാലാണ് ഈ സ്നേഹം നമ്മളിൽ പിറക്കുകയും വളരുകയും  ചെയ്യണമെന്ന് സഭ ആവശ്യപ്പെടുന്നത്.  ഇങ്ങനെ നമ്മളിൽ ദാനമായി ലഭിച്ച സ്നേഹത്തെയാണ് ക്രിസ്തുമസ് സന്ദേശമായി നാം മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

നമ്മുടെ സ്നേഹത്തിന് വില കല്പിക്കാൻ ആളില്ലാതിരിക്കട്ടെ,  നമ്മുടെ കരുതലിനെ അവഗണിക്കട്ടെ, നമ്മെ ഒഴിവാക്കട്ടെ, നിരാശപ്പെടേണ്ട : കാരണം നമ്മെ  കരുതുന്ന ദൈവസ്നേഹം ഇതിലും എത്രയോ വലുതാണ്. നമ്മെ നിലനിർത്തുന്ന കരുതൽ എത്രയോ ശ്രേഷ്ടമാണ്.  സർവ്വചരാചരങ്ങൾക്കും സന്തോഷമായി ഈ ജനനം ഭവിക്കട്ടെ . ഇന്നും ഈ സദ്‌വാർത്ത ദാനം നമ്മളിലൂടെ മുഴങ്ങട്ടെ.

ഈ ക്രിസ്തുമസിൽ  നാം തിരുത്തേണ്ടതായ ചില കാര്യങ്ങളും ഇതോടൊപ്പം ചേർത്ത് ചിന്തിക്കണം .  1 യോഹന്നാൻ 4 : 19 – 21 “അവൻ ആദ്യം സ്നേഹിച്ചത് കൊണ്ട് നാം സ്നേഹിക്കുന്നു . ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും തൻ്റെ സഹോദരനെ  വെറുക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു.  താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുകയില്ല.  ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനേയും സ്നേഹിക്കണം. ”

ഇതായിരിക്കണം ക്രിസ്തുമസ് . ദൈവം സ്നേഹിച്ചത് പോലെ നാമും നമ്മുടെ സഹജീവികളെ സ്നേഹിക്കുമ്പോൾ ക്രിസ്തുമസ് യാഥാർഥ്യമാകുന്നു. ചുറ്റുമുള്ള സഹജീവികളിൽ ദൈവസ്നേഹം നാം പകരുക. യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ തന്നെ സ്നേഹിക്കുക.  ദൈവസ്നേഹം അനുഭവിച്ച് അറിയുകയും സഹജീവികളിൽ കാരുണ്യം വർഷിക്കുകയും ചെയ്തു കൊണ്ട് തിരുജനനത്തിന്റെ പ്രസക്തി നമുക്ക് ആചരിക്കാം.

സമാധാനത്തിന്റെ , സ്നേഹത്തിൻ്റെ, സൗഖ്യത്തിന്റെ, പാപമോചനത്തിന്റെ, ആസക്‌തികളിൽ നിന്നുള്ള  മോചനത്തിന്റെ ക്രിസ്തുമസ് ആകട്ടെ ഈ വർഷം . ദൈവസ്നേഹം വാക്കുകളിലൂടെ  പകർന്ന്  കൊണ്ട്
കർതൃ ശുശ്രൂഷയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം