മദ്യശാലകള്‍ പൂട്ടിയതിനെ തുടര്‍ന്നു മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ വീടുകളും ഒഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രികരിച്ചു വ്യാജവാറ്റു സംഘങ്ങള്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. അവസരം മുതലെടുത്ത് മദ്യ വിപണി കീഴടക്കാന്‍ ഒരു ഇടവേളയ്ക്കു ശേഷം വ്യാജവാറ്റു സംഘങ്ങള്‍ തയാറെടുക്കുന്നതായാണ് അറിയുന്നത് . ഇതിനേ തുടര്‍ന്നു വ്യാജ മദ്യവില്‍പ്പനയും വ്യാജവാറ്റും തടയുന്നതിന്റെ ഭാഗമായി എക്‌സൈസും പോലീസും നിരീക്ഷണം കര്‍ശനമാക്കി.

രഹസ്യ സങ്കേതങ്ങള്‍ കേന്ദ്രികരിച്ചു വ്യാജവാറ്റു നടത്തുന്നതിനായി വലിയ കുക്കര്‍ വാങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരക്കാരുടെ വിവരങ്ങള്‍ പോലീസിനു കൈമാറാന്‍ കച്ചവടക്കാര്‍ക്കു പോലീസ് നിര്‍ദേശം നല്‍കി കഴിഞ്ഞു. ആഘോഷ സീസണ്‍ അടുത്തതോടെ സംസ്ഥാനത്തു വ്യാജന്‍ ഒഴുകുമെന്നാണു സൂചന. അന്യസംസ്ഥന തൊഴിലാളികളും മദ്യം നിര്‍മ്മിച്ചു വില്‍പ്പന നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വ്യക്തമായ അറിവില്ലാത്തതിനാല്‍ പോലീസിന് ഇത്തരം സംഘങ്ങളെ പിടിക്കാന്‍ കഴിയാറില്ല. ലഭ്യത കുറഞ്ഞതോടെ വളരെ ഉയര്‍ന്ന വിലയിലാണ് വ്യാജന്റെ വില്‍പ്പന.