കൊച്ചി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഡാർക്ക് വെബും നിരോധിത രഹസ്യ മെസേജിങ് ആപ്പുകളും ഉപയോഗിക്കുന്ന സംഘങ്ങൾക്കെതിരെ കേരള പൊലീസ് സൈബർ നിരീക്ഷണം ശക്തമാക്കി. സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് കീഴിലുള്ള കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ (CCSE) സംഘത്തിനാണ് പരിശോധനകളുടെ ചുമതല. ഇന്റർപോൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ സഹായവും സംഘത്തിന് ലഭിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങൾ, എൻക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്‌ഫോമുകൾ, ക്ലൗഡ് സ്റ്റോറേജുകൾ എന്നിവ വഴിയാണ് ഇത്തരം ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുന്നതെന്നാണ് കണ്ടെത്തൽ. രഹസ്യ ഗ്രൂപ്പുകൾ ഇടയ്ക്കിടെ പേരും രൂപവും മാറ്റുന്നതും അന്വേഷണത്തിൽ വെല്ലുവിളിയാകുന്നുണ്ട്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ തിരയുകയോ കാണുകയോ സൂക്ഷിക്കുകയോ കൈമാറുകയോ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ആറുവർഷത്തെ പരിശോധനകളിൽ 2,306 കേസുകൾ രജിസ്റ്റർ ചെയ്യുകയും 403 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പൊലീസ് അറിയിച്ചു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയാണ് പ്രതികളെ കണ്ടെത്തുന്നത്. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഐ.പി. വിലാസങ്ങളും ഡിജിറ്റൽ തെളിവുകളും വിശദമായി വിശകലനം ചെയ്താണ് അന്വേഷണസംഘം പ്രതികളിലേക്ക് എത്തുന്നത്. മാൽവെയറുകൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്തവരുടെ വെബ്‌ക്യാമുകളും വ്യക്തിഗത വിവരങ്ങളും ചോർത്തുന്ന സംഘങ്ങളെക്കുറിച്ചും പരിശോധനകളിൽ വിവരം ലഭിച്ചിട്ടുണ്ട്.
2019 മുതലാണ് കേരള പൊലീസിന്റെ ‘പി-ഹണ്ട്’ ഓപ്പറേഷനിൽ ഇന്റർപോൾ സഹകരിക്കുന്നത്. കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ചൂഷണം തടയുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക ദൗത്യസേന കേരള പൊലീസ് രൂപവത്കരിച്ചതും ഇതിന്റെ ഭാഗമായാണ്. സംഘത്തിന് ആവശ്യമായ പരിശീലനവും സാങ്കേതിക ശേഷി വർധിപ്പിക്കുന്നതിനുള്ള സഹായവും ഇന്റർപോൾ നൽകുന്നുണ്ട്. അമേരിക്കയിലെ ‘ഇന്റർനാഷണൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ’ വഴി കുട്ടികൾക്കെതിരായ ഓൺലൈൻ ചൂഷണവുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ ഓരോ വർഷവും ഇന്ത്യയ്ക്ക് കൈമാറുന്നുണ്ട്. ഈ വിവരങ്ങൾ വിശകലനം ചെയ്താണ് സി.സി.എസ്.ഇ. വിഭാഗം റെയ്ഡുകളും അറസ്റ്റുകളും ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുന്നത്.











Leave a Reply