തലശ്ശേരി സ്വദേശിയായ ദീപക് ദേവരാജ് എന്ന ദീപക് ദേവ് വളര്‍ന്നതും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ദുബായിലാണ്. ഹൈസ്കൂള്‍ വിദ്യാഭ്യാസ്സ കാലത്ത് തന്നെ ദീപക് കർണ്ണാടിക് സംഗീതവും അഭ്യസ്സിച്ചിരുന്നു. പിന്നീടാണ് കീബോർഡിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എ.ആർ. റഹ്മാൻ, ശങ്കർ എഹ്സാൻ ലോയ്, സന്ദീപ് ചൌത , വിദ്യാസാഗർ, അനു മാലിക്, തുടങ്ങിയ മഹാരഥൻമാര്‍ക്കൊപ്പം പ്രവർത്തിച്ചു. സിദ്ദിഖ് സംവിധാനം നിര്‍വഹിച്ച ക്രോണിക്ക് ബാച്ചിലറാണ് അദ്ദേഹത്തിന്‍റെ അരങ്ങേറ്റ ചിത്രം.

പൃഥ്വിരാജ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ലൂസിഫറില്‍ സംഗീതം നിര്‍വഹിച്ചത് ദീപക് ആയിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളൊക്കെ സൂപ്പര്‍ ഹിറ്റായിരുന്നു. അടുത്തിടെ ദീപക് ഒരു അഭിമുഖത്തിനിടെ പൃഥ്വിരാജുമൊത്തുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്നിരുന്നു.

താനും പൃഥ്വിരാജും തമ്മിലുള്ള എല്ലാ തമാശകളും ഒടുവില്‍ വഴക്കിലാണ് അവസ്സാനിക്കുന്നതെന്ന് ദീപക് പറയുകയുണ്ടായി. താനും പൃഥ്വി രാജും പരിചയപ്പെട്ട നാള്‍ തൊട്ട് വഴക്കിലൂടെ ജോലിയിലേക്ക് എത്തുന്ന ഒരു രീതിയാണ് ഉള്ളത്. വഴക്ക് കൂടാത്ത പക്ഷം രണ്ടാളും കംഫര്‍ട്ടബിള്‍ അല്ല. വഴക്ക് എന്ന് പറയുമ്പോള്‍ അതിനു തര്‍ക്കം എന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. താന്‍ ചെയ്ത ട്യൂണ്‍ രാജുവിന് ചിലപ്പോള്‍ ഇഷ്ടപ്പെടില്ല. പക്ഷേ കൊള്ളില്ലന്നു പറഞ്ഞാല്‍ താന്‍ തര്‍ക്കിക്കും. കൊള്ളില്ല എന്നല്ല, നിങ്ങളുടെ പടത്തിന് അത് പറ്റില്ല എന്നായിരിക്കും തന്‍റെ മറുപടി.

നേരിട്ട് സംസാരിക്കുന്നതിനേക്കാളും കുറച്ചു കട്ടിയിലായിരിക്കും വാട്സപ്പിലൂടെ ടെക്സ്റ്റ് ചെയ്യുന്നത്. ഒരിക്കല്‍ ഇങ്ങനെ ചാറ്റ് ചെയ്യുന്നതിനിടെ പൃഥ്വി രാജ് എന്തോ ഒരു വാക്ക് ടൈപ്പ് ചെയ്തയച്ചു. ആ വാക്ക് ദീപക്കിന് മനസ്സിലായില്ല. അതിനുള്ള ഉത്തരം ഗൂഗിളില്‍ പോയി നോക്കിയതിന് ശേഷം മറുപടി തരുന്നതായിരിക്കുമെന്ന് പറഞ്ഞ് ആ കോണ്‍വര്‍സേഷന്‍ അവസാനിപ്പിക്കുകയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു.

പൃഥ്വിരാജ് എന്താണ് പറഞ്ഞതെന്ന് മനസിലാകണമല്ലോ. അത് മനസ്സിലാക്കാന്‍ തനിക്ക് ഗൂഗിളില്‍ പോയി തിരയേണ്ടതായി വന്നുവെന്ന് ദീപക്ക് പറയുന്നു. ചിലപ്പോള്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളൊക്കെ സംസാരത്തിനിടെ പൃഥ്വിരാജ് പറയുമെന്ന് ദീപക് ദേവ് തമാശ രൂപേണ പറഞ്ഞു.