നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ താത്കാലിക പരോളില്‍ ദിലീപ് നാളെ പുറത്തിറങ്ങാനിരിക്കെ ജയിലില്‍ ദിലീപിന് ഇന്നും സന്ദര്‍ശകര്‍. ഇടതുപക്ഷ എംഎല്‍എയായ കെ.ബി ഗണേഷ്‌കുമാറാണ് ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയത്.

12 മണിയോടെയാണ് അദ്ദേഹം ആലുവയില്‍ എത്തിയത്. തിരുവോണ ദിവസമായ ഇന്നലെ നടന്‍ ജയറാമും ജയിലിലെത്തി ദിലീപിനെ കണ്ട് ഓണക്കോടി നല്‍കിയിരുന്നു. നേരത്തെ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇടതുപക്ഷ എംഎല്‍എമാരായ മുകേഷും ഗണേഷ് കുമാറും എംപി ഇന്നസെന്റും ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലുളള നിലപാട് സ്വീകരിച്ചതും വാര്‍ത്താസമ്മേളനത്തില്‍ അണിനിരത്തിയതും ഏറെ ചര്‍ച്ചയായിരുന്നു.

കുറ്റവാളിയെന്ന് തെളിയാതെ ഒരാളെ കുറ്റവാളിയാക്കരുത് പൊലീസ് കുറ്റവാളിയെന്ന് പറയുന്നു, ഒരാള്‍ കുറ്റവാളിയെന്ന് പറയേണ്ടത് കോടതിയാണെന്നും നേരത്തെ ഗണേഷ് പറഞ്ഞിരുന്നു. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെതിരായ ചോദ്യങ്ങള്‍ക്കെതിരെ ഗണേഷ് പൊട്ടിത്തെറിച്ചത് വിവാദമായിരുന്നു. തലകുത്തി മറിഞ്ഞാലും അമ്മ ദിലീപിനൊപ്പമെന്നായിരുന്ന ഗണേഷ് കുമാര്‍ പറഞ്ഞത്. പിന്നീട് യോഗശേഷം അമ്മക്കെതിരെ ഗണേഷ് എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. അമ്മ നടീനടന്‍മാര്‍ക്ക് നാണക്കേടാണെന്നും കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ സ്വന്തം കാര്യങ്ങള്‍ നോക്കണമെന്നും ഗണേഷ്‌കുമാര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, കാവ്യ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും ഇക്കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യയും നടിയുമായ കാവ്യാ മാധവനും മകളും ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയത്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് കാവ്യ എത്തിയത്.