കീരിക്കാടൻ ജോസെന്ന മലയാള സിനിമയുടെ പ്രിയപ്പെട്ട വില്ലനെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് സുഹൃത്തും നടനും നിർമാതാവുമായ ദിനേശ് പണിക്കർ. വെരിക്കോസ് വെയിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കഴിയുന്ന കീരിക്കാടനെ(മോഹൻരാജ്) സന്ദർശിച്ച ശേഷമായിരുന്നു ദിനേശ് പണിക്കരുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ജനറൽ ആശുപത്രിയിൽ വച്ച് നടനെ കണ്ട ആരോ പകർത്തിയ ചിത്രങ്ങളാണ് നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് തെറ്റാണെന്നും ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതാണെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

ദിനേശ് പണിക്കരുടെ ഫെയ്സ്ബുക്ക് പോസ്റ്റിങ്ങനെ..

‘കീരിക്കാടന്‍ ജോസ്, 1989ല്‍ ഞാന്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലെ ഒരിക്കലും മറക്കാനാകാത്ത വില്ലന്‍. ഇദ്ദേഹമാണ് കഴിഞ്ഞ ഒരാഴ്ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഗുരുതര രോ​ഗം ബാധിച്ച് മോഹന്‍രാജ് ആശുപത്രിയിൽ വളരെ മോശം അവസ്ഥയിൽ കിടക്കുകയാണെന്നും അ​ദ്ദേഹത്തിന് സാമ്പത്തിക സഹായം ആവശ്യമാണെന്നുമുള്ള തരത്തിൽ ആരോ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു.

ഞാൻ നിർമ്മിച്ച മൂന്ന് സിനിമകളിൽ‌ (കിരീടം,ചെപ്പുകിലുക്കണ ചങ്ങാതി, സ്റ്റാലിന്‍ ശിവദാസ്) അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തെന്ന നിലയ്ക്ക് കീരിക്കാടനെ പോയി കണ്ടിരുന്നു. വെരിക്കോസ് വെയിനിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്‍ഷുറന്‍സ് കവറേജ് ഉണ്ട്. സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ മടങ്ങിയെത്തുകയും ചെയ്യും.

ആ കുടുംബത്തെ വളരെ അടുത്തറിയാവുന്ന ആളെന്ന നിലയിൽ അവരുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് കൂടി എനിക്ക് ഉറപ്പ് നൽകാൻ സാധിക്കും. നിലവിൽ ആരുടെയും സാമ്പത്തിക സഹായം കീരിക്കാടന് ആവശ്യമില്ല. പൂർണ ആരോഗ്യത്തോടെ അഭിനയരംഗത്തേക്ക് കീരിക്കാടന് വേഗം മടങ്ങിയെത്താൻ എല്ലാ പ്രാർഥനകളും.’