സൂപ്പർ സംവിധായകൻ രാം ഗോപാൽ വർമ്മക്ക് ആജീവനാന്ത വിലക്ക്

സൂപ്പർ സംവിധായകൻ രാം ഗോപാൽ വർമ്മക്ക് ആജീവനാന്ത വിലക്ക്
January 16 03:11 2021 Print This Article

പ്രശസ്ത ബോളിവുഡ്- തെലുങ്ക് സംവിധായകൻ രാം ഗോപാൽ വർമ്മക്ക് ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചു സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും രാം ഗോപാൽ വർമ്മ പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് അവർ എത്തിയത്. 1.25 കോടി രൂപയാണ് രാം ഗോപാൽ വർമ്മ തന്റെ സിനിമകളിൽ സഹകരിച്ച പ്രവർത്തകർക്ക് നല്‍കാനുള്ളത്.

ടെക്‌നീഷ്യന്‍മാര്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും ജോലിക്കാര്‍ക്കും നല്‍കാനുള്ള പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ തവണ രാം ഗോപാൽ വർമ്മക്ക് കത്തുകൾ അയച്ചെന്നും എന്നാൽ ആ കത്തുകൾ കൈ പറ്റാൻ പോലും അദ്ദേഹം തയ്യാറായില്ല എന്നുമാണ് സംഘടനയുടെ ഭാരവാഹികൾ പറയുന്നത്.

രാം ഗോപാൽ വർമ്മയുമായി ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് എന്നും ഇക്കാര്യം മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് എന്നും ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങൾക്ക് ഇടയിലും രാം ഗോപാൽ വർമ്മ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചതും ശ്രദ്ധ നേടുന്നുണ്ട്.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതമാണ് ഇത്തവണ അദ്ദേഹം സിനിമയാക്കുന്നത്. സത്യ, കമ്പനി, സർക്കാർ തുടങ്ങി ഒട്ടേറെ ക്ലാസിക് ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാം ഗോപാൽ വർമ്മ തെലുങ്കിലും ഒട്ടേറെ ചിത്രങ്ങൾ ഒരുക്കി. ലോക്ഡൗണിനിടെ പത്തോളം ചിത്രങ്ങൾ ഒറ്റിറ്റി പ്ലാറ്റ്ഫോമിലൂടെ റീലീസ് ചെയ്ത രാം ഗോപാൽ വർമ്മ, ത്രില്ലർ, ക്ലെെമാക്സ്, നേക്കഡ്, പവർസ്റ്റാർ, മർഡർ, 12 ഒ ക്ലോക്ക്, ദിഷ എൻ‍കൗണ്ടർ എന്നീ ഏഴ് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles