ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ: , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിൽ ലണ്ടനിലെ ഈസ്റ്റ് ഹാം കേന്ദ്രമായി പ്രപ്പോസ്ഡ് മിഷനായി പ്രവർത്തിച്ചുവന്നിരുന്ന വിശ്വാസികളുടെ കൂട്ടായ്മയെ രൂപതയുടെ കീഴിൽ ഉള്ള മിഷൻ ആയി പ്രഖ്യാപിച്ചു .രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് ഞായറാഴ്ച സെന്റ് ജോർജ് മിഷനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മിഷൻ ആസ്ഥാനമായ സെന്റ് മൈക്കിൾസ് പള്ളിയിൽ വിശുദ്ധ കുർബാന മധ്യേയായിരുന്നു പ്രഖ്യാപനം. ഇതുസംബന്ധിച്ച ഡിക്രി കുർബാന മധ്യേ വായിച്ചശേഷം നിലവിലെ ഇടവക ട്രസ്റ്റിമാർക്ക് അഭിവന്ദ്യ പിതാവ് കൈമാറി. തുടർന്ന് തിരിതെളിച്ച് മിഷന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിച്ചു. ഫാ. ജോസഫ് മുക്കാട്ട് (ഫാ. ലിജേഷ്) ആണ് മിഷന്റെ ഡയറക്ടർ. ഫാ. ഷിന്റോ വർഗീസും മിഷന് ആത്മീയ നേതൃത്വം നൽകും.

ഞായറാഴ്ച വൈകിട്ട് മിഷൻ പ്രഖ്യാപനത്തിനായി എത്തിയ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന് ഇടവകാംഗങ്ങൾ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. സെന്റ് മൈക്കിൾസ് പള്ളി വകാരി ഫാ. ബോബ് ഹാമിൽ, മിഷൻ ഡയറക്ടർ ഫാ. ജോസഫ് മുക്കാട്ട്, ഫാ. ഷിന്റോ വർഗീസ് ട്രസ്റ്റിമാരായ സാമുവൽ തോമസ്, റാണി മാത്യു, സൺഡേസ്കൂൾ ഹെഡ്ടീച്ചർ നീന ജോസി, കമ്മിറ്റിയംഗങ്ങൾ, സൺഡേസ്കൂൾ അധ്യാപകർ, വിദ്യാർഥികൾ, ഭക്തസംഘടനാ ഭാരവാഹികൾ, ഗായകസംഘം, അൾത്താരബാലസഘം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

കാലങ്ങളായി ബ്രിട്ടണിലേക്ക് കുടിയേറിയ സീറോ മലബാർ വിശ്വാസികൾ ആദ്യമായി ഒത്തുകൂടി മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ ആരംഭിച്ചത് ലണ്ടനിലെ ഈസ്റ്റ്ഹാമിലായിരുന്നു. ഉപരിപഠനത്തിനായും മറ്റും എത്തിയിരുന്ന വൈദികരുടെ നേതൃത്വത്തിലായിരുന്നു രണ്ടു പതിറ്റാണ്ടു മുമ്പ് വിശ്വാസികൾ തന്നെ മുൻകൈയെടുത്ത് രൂപംകൊടുത്ത ഈ കൂട്ടായ്മയുടെ പിറവി. ഈസ്റ്റ്ഹാം സെന്റ് മൈക്കിൾസ് പള്ളിയിലും അപ്റ്റൺപാർക്ക് ഔർ ലേഡി ഓഫ് കംപാഷൻ ചർച്ചിലുമൊക്കെയായി മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ ഈ സമൂഹം സൗകര്യമൊരുക്കി.

ഈസ്റ്റ്ഹാമിലെ ഈ മാതൃക പിന്തുടർന്ന് ബ്രിട്ടണിലെ മറ്റു പല നഗരങ്ങളിലും എത്തിയ സീറോ മലബാർ വിശ്വാസികൾ പിന്നീട് അതത് പ്രദേശങ്ങളിലും സമാനമായ സഭാ സമൂഹങ്ങൾ കരുപ്പിടിപ്പിച്ചു.
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ എന്നപേരിൽ രൂപത സ്ഥാപിച്ച് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ബ്രിട്ടണിലെ സഭാസമൂഹം വളർന്നപ്പോൾ ഈസ്റ്റ്ഹാമിലെ ഈ ആദ്യ കൂട്ടായ്മയെ സെന്റ് ജോർജ് പ്രപ്പോസ്ഡ് മിഷനായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഔദ്യോഗികമായി സെന്റ് ജോർജ് മിഷൻ എന്നപേരിൽ മാറിയത്.

ഫാ. ജോർജ് ചീരാംകുഴി, ഫാ. ഇന്നസെന്റ് പുത്തൻതറയിൽ, ഫാ. തോമസ് പാറയടിയിൽ, ഫാ. ജോസ് അന്ത്യാംകളം, ഫാ. ഷൈജു ജോസഫ് തുടങ്ങിയ വൈദികരുടെ ആത്മീയ നേതൃത്വത്തിലായിരുന്നു ഈസ്റ്റ്ഹാമിലെ ഈ സീറോ മലബാർ കൂട്ടായ്മ ഇടവകസമൂഹമായി വളർന്ന് വലുതായത്. രണ്ടു പതിറ്റാണ്ടു കാലയളവിനുള്ളിൽ ഈ വിശ്വാസ കൂട്ടായ്മയ്ക്കു അൽമായ നേതൃത്വം നൽകിയ ട്രസ്റ്റിമാരെ വിശുദ്ധ കുർബാനയ്ക്കു ശേഷം ബിഷപ് പൂച്ചെണ്ടു നൽകി ആദരിച്ചു. രൂപതയുടെ ചാരിറ്റി ഫണ്ടിലേക്ക് മിഷൻ ലീഗ് അംഗങ്ങൾ സമാഹരിച്ച തുക പള്ളിയിൽവച്ച് സംഘടനാ നേതാക്കൾ കൈമാറി. വൈകിട്ട് ഈസ്റ്റ്ഹാം ടൗൺ ഹാളിൽ ചേർന്ന പൊതുയോഗത്തിൽ വിവിധ കലാപരിപാടികളോടെയായിരുന്നു മിഷൻ പ്രഖ്യാപനത്തിന്റെ സമാപനം. വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ട്രസ്റ്റിമാരായ സാമുവൽ തോമസ് സ്വാഗതവും റാണി മാത്യു നന്ദിയും പറഞ്ഞു. ഈസ്റ്റ് ലണ്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറിലേറെ കുടുംബങ്ങൾ സെന്റ് ജോർജ് മിഷനിൽ ഇപ്പോൾ അംഗങ്ങളാണ്.


ജോലിക്കായും പഠനത്തിനായും ലണ്ടനിലെത്തിയ ഇതര ക്രിസ്തീയ സഭാസമൂഹങ്ങളിൽപെട്ടവരും ഞായറാഴ്ചകളിൽ മലയാളം കുർബാനയ്ക്കായി എത്തിച്ചേരുന്നത് ഈസ്റ്റാഹാമിലാണ്. പ്രിസ്റ്റൺ ആസ്ഥാനമായുള്ള ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയ്ക്ക് നിലവിൽ മിഷനുകളും പ്രപ്പോസ്ഡ് മിഷനുകളുമായി 81 വിശ്വാസസമൂഹങ്ങളാണുള്ളത്. ഇതിൽ നാലെണ്ണെം സ്വന്തമായി പള്ളിയുള്ള ഇടവകകളായി മാറിക്കഴിഞ്ഞു.


പ്രെസ്റ്റൻ സെന്റ് അൽഫോൽസ ഓഫ് ഇമാക്കുലേറ്റ് കൺസപ്ഷൺ കത്തീഡ്രൽ, ഔർ ലേഡി ക്യൂൻ ഓഫ് പീസ് ചർച്ച് ലിവർപൂൾ, സെന്റ് മേരീസ് ആൻഡ് സെന്റ് വിഫ്രിഡ്സ് ചർച്ച് ലീഡ്സ്, സെന്റ് തോമസ് ചർച്ച് ബ്രിസ്റ്റോൾ എന്നിവയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിൽ സ്വന്തമായി ആരാധനാലയങ്ങളുള്ള ഇടവകകൾ.