യെമനില്‍ ഭീകരര്‍ തട്ടികൊണ്ടു പോയ മലയാളി വൈദികന്റെ മോചനത്തിനായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം ഇ മെയില്‍ പരാതി അയക്കുന്ന ക്യാമ്പയിന് തുടക്കമായി.

മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റ് സിബിവയലില്‍ നേതൃത്വം നല്‍കുന്ന ഇ മെയില്‍ ക്യാമ്പയിനിന്റെ ഉദ്ഘാടനം കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലറും പ്രമുഖ ചരിത്രകാരനുമായ ഡോ.കെ കെ എന്‍ കുറുപ്പും സാമൂഹിക പ്രവര്‍ത്തകനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളും നിര്‍വ്വഹിച്ചു. ഇതിനോടനുബന്ധിച്ചുള്ള ഹാഷ് ടാഗ് പ്രചരണത്തിന്റെ ഉദ്ഘാടനം നടന്‍ കുഞ്ചാക്കോ ബോബന്‍ നിര്‍വ്വഹിച്ചു. ഫാദര്‍ ഉഴുന്നാലിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളിലും പ്രാര്‍ത്ഥനകളിലും തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഹാഷ് ടാഗ് പ്രചരണ ഉദ്ഘാടനം ചെയ്ത് ചാക്കോച്ചന്‍ പറഞ്ഞു.

ഫാദര്‍ ഉഴുന്നാലിനെ മോചിപ്പിക്കാന്‍ ഇന്ത്യക്ക് നേരിട്ട് കഴിയുന്നില്ലെങ്കില്‍ യെമനുമായി ഇടപെടാന്‍ കഴിയുന്ന രാജ്യങ്ങളുടെ സഹായം അടിയന്തരമായി തേടണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു. ആരുടെയും ഇടപെടല്‍ ഫലപ്രദമാകുന്നില്ല എന്ന് പറയുമ്പോള്‍ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ടോ എന്ന കാര്യത്തിലും സംശയങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു വിദേശ രാജ്യത്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കെ ഒരു മലയാളി പുരോഹിതന് അപകടം സംഭവിച്ച പശ്ചാത്തലത്തില്‍ അയാളെ തിരിച്ചു കൊണ്ടുവരിക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഒഴിവാക്കാനാവാത്ത ഉത്തരവാദിത്ത്വമാണ്. ടോം ഉഴുന്നാലിനു വേണ്ടി സംസാരിക്കുന്നത് അദ്ദേഹത്തിന്റെ സഭയില്‍പ്പെട്ടവരോ സഭയുടെ വിശ്വാസികളോ മാത്രമല്ല, രാജ്യത്തെ . .കേരളത്തിലെ . . ജനങ്ങളാകെയാണ്. മോചനം സാധ്യമാക്കുന്നതിനുള്ള ഇടപെടലിന് കേന്ദ്ര സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കുന്നതിന് ഈ ക്യാമ്പയിന്‍ സഹായകരമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരെ അവിടുത്തെ ഭീകരര്‍ തട്ടികൊണ്ടുപോയപ്പോള്‍ അവരുടെ ശരീരത്തില്‍ ഒരു പോറലു പോലും ഏല്‍പ്പിക്കാതെ തിരികെ കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഫാദര്‍ ടോം ഉഴുന്നാലിനെ തിരികെ എത്തിക്കാന്‍ സാധിക്കുമെന്ന് മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റ് സിബി വയലില്‍ പറഞ്ഞു. ഇതിന് സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് ഒരു ലക്ഷം പേരുടെ ഇമെയില്‍ സന്ദേശം പ്രധാനമന്ത്രിക്ക് അയക്കുന്നത്. ഇതിനു ശേഷം ഉപവാസ സമരമുള്‍പ്പെടെയുള്ള മറ്റ് തുടര്‍ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.