ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന ഉപഭോഗത്തില്‍ വന്‍കുറവ്. രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇന്ധന ഉപഭോഗത്തില്‍ 45.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശനിയാഴ്ച സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഡാറ്റ അനുസരിച്ച് 2007-ന് ശേഷം എണ്ണ ഉപഭോഗത്തില്‍ ഏറ്റവും കുറവ് അളവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം ഏപ്രിലില്‍ രേഖപ്പെടുത്തിയതിന്റെ പകുതി മാത്രമാണ് 2020 ഏപ്രിലിന്റെ ആദ്യ രണ്ട് ആഴ്ചകളില്‍ രേഖപ്പെടുത്തിയത്.

ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ വാര്‍ഷിക ഇന്ധന ഉപഭോഗത്തില്‍ 5.6 ശതമാനം വരെ ഇടിവുണ്ടാകും. 2.4 ശതമാനം വര്‍ധനവുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം.

ഗതാഗതമാര്‍ഗങ്ങളില്‍ സാധാരണ കൂടുതലായി ഉപയോഗിക്കുന്ന ഡീസലിന്റെ ഉപഭോഗത്തില്‍ 55.6 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കുന്നതോടെ വാഹനഗതാഗതം കൂടുകയും ഇന്ധനത്തിന്റെ ആവശ്യകത വര്‍ധിക്കുകയും ചെയ്യും.