ക്രിക്കറ്റ് കരിയറിൽ വിക്കറ്റ് നേടുവാൻ സാധിക്കാത്തതിൽ താൻ സന്തോഷിച്ചത് അനിൽ കുംബ്ലെ 10 വിക്കറ്റ് നേടിയ മത്സരത്തിലാണെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നർ അനിൽ കുംബ്ലെയാണെന്നും ഹർഭജൻ സിങ് അഭിപ്രായപെട്ടു.

1999 ൽ ഡൽഹിയിൽ നടന്ന മത്സരത്തിലാണ് പാകിസ്ഥാനെതിരെ രണ്ടാം ഇന്നിങ്സിൽ 74 റൺസ് വഴങ്ങികൊണ്ട് 10 വിക്കറ്റും അനിൽ കുംബ്ലെ നേടിയത്. ക്രിക്കറ്റ് ചരിത്രത്തിൽ അനിൽ കുംബ്ലെയെ കൂടാതെ രണ്ട് ബൗളർമാർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 1956 ൽ ഇംഗ്ലണ്ട് ക്രിക്കറ്റർ ജെയിംസ് ചാൾസ് ലേക്കറാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. പിന്നീട് കഴിഞ്ഞ വർഷം ഇന്ത്യയ്ക്കെതിരെ വാങ്കഡെയിൽ ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേലും ഈ നേട്ടം സ്വന്തമാക്കി.

” ഡൽഹിയിൽ നടന്ന മത്സരത്തിലാണ് ഒരു ഇന്നിങ്സിൽ 10 വിക്കറ്റും അനിൽ ഭായ് നേടിയത്. ഞാനും ആ മത്സരത്തിൽ കളിച്ചിരുന്നു. ആദ്യമായി ഒരു വിക്കറ്റ് പോലും നേടാൻ സാധിക്കാത്തതിൽ ഞാൻ സന്തോഷിച്ചു. അനിൽ കുംബ്ലെ ആറോ ഏഴോ വിക്കറ്റ് നേടിയ ശേഷം പിന്നീട് ഒരു വിക്കറ്റ് പോലും എനിക്ക് ലഭിക്കരുതെന്ന് ഞാൻ കരുതി. കാരണം അവയെല്ലാം അദ്ദേഹത്തിന് അവകാശപെട്ടതായിരുന്നു. ” ഹർഭജൻ സിങ് പറഞ്ഞു.

” എൻ്റെ അഭിപ്രായത്തിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഏറ്റവും മികച്ച താരമാണ് അനിൽ ഭായ്, ഒരുപക്ഷേ ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച മാച്ച് വിന്നറും അദ്ദേഹമാണ്. അദ്ദേഹം ബോൾ അധികം സ്പിൻ ചെയ്യില്ലെന്ന് ആളുകൾ പറഞ്ഞിരുന്നു. പക്ഷേ ഹൃദയം കൊണ്ട് കളിച്ചാൽ പന്ത് കറങ്ങിയാലും ഇല്ലെങ്കിലും ബാറ്റ്സ്മാന്മാരെ പുറത്താക്കാൻ കഴിയുമെന്ന് അദ്ദേഹം കാണിച്ചുതന്നു. ” ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.