ഹൈദരാബാദില്‍ ശക്തമായ മഴ തുടരുകയാണ്. നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. റോഡുകളെല്ലാം താറുമാറായി. തെലങ്കാനയില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 50 ഓളം പേരാണ് മരിച്ചത്. അതേസമയം, അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രളയ ദുരിതത്തിലൂടെയാണ് ഹൈദരാബാദ് കടന്നുപോകുന്നത്. ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും നിറയുന്നത്. പ്രധാനപ്പെട്ട നഗരവും പരിസര പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. കനത്ത മഴയില്‍ ബാലാനഗര്‍ തടാകം കരകവിഞ്ഞൊഴുകിയതും ഹൈദരാബാദ് നഗരത്തില്‍ ദുരിതം ഇരട്ടിയാക്കി. ജനസാന്ദ്രത ഏറെയുള്ള നബീല്‍ കോളനി, ബാബ നഗര്‍, ബാലാപൂര്‍, ഖൈറതാബാദ് തുടങ്ങിയ കോളനികള്‍ വെള്ളത്തിനടിയിലായി. പല വാഹനങ്ങളും കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ ഒലിച്ചുപോയി.

കുത്തിയൊഴുകുന്ന വെള്ളത്തില്‍ അകപ്പെട്ട കാറില്‍ നിന്ന് യാത്രക്കാരെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. 15 മുതല്‍ 20 സെന്റിമീറ്റര്‍ മഴയാണ് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ രേഖപ്പെടുത്തിയത്. ഏകദേശം 1000 കോടിയുടെ നാശനഷ്ടം ഉണ്ട് എന്നാണ് സര്‍ക്കാറിന്റെ പ്രാഥമിക കണക്ക്.