കൊച്ചി: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരേ എന്തുകൊണ്ട് എഫ്‌ഐആര്‍ ഫയല്‍ ചെയ്തില്ലെന്ന് ഹൈക്കോടതി. ബാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കോടതി ആരാഞ്ഞു. തുടര്‍ നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ അറിയിക്കണമെന്നും ഒരാഴ്ച്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് എന്ത് കൊണ്ട് മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്ന് എന്ത് നടപടിയെടുത്തുവെന്നായിരുന്നു ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ചോദ്യം.

വിജിലന്‍സ് കോടതിയില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും എന്ത് കൊണ്ടാണ് ആറു മാസം വൈകിയതെന്നും കോടതി ചോദിച്ചപ്പോള്‍ കേസുകളുടെ ബാഹുല്യം കൊണ്ടാണെന്നായിരുന്നു എ.ജിയുടെ മറുപടി. കേസില്‍ ഇതുവരെയെടുത്ത നടപടികള്‍ വ്യക്തമാക്കി ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.