സ്റ്റോക്ക് ഓൺ ട്രെൻഡ്: കൊറോണയെന്ന കുഞ്ഞൻ വൈറസ് ലോകജനതയെ എങ്ങനെയെല്ലാം അതിഭീകരമായി ആക്രമിക്കുന്നു എന്ന വാർത്തകളിൽ കൂടി കടന്നു പോകുന്ന നാളുകൾ ആണ് ഇപ്പോൾ. നമ്മുളുടെ പ്രിയപ്പെട്ടവരെയും ആത്മാർഥ സുഹൃത്തുക്കളെയും ഒക്കെ നഷ്ടപ്പെടുന്ന നമ്മെ വേദനിപ്പിക്കുന്ന നിമിഷങ്ങൾ അല്ലെങ്കിൽ അങ്ങനെയുള്ള ആഴ്ചകളും മാസങ്ങളും ആണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതാണ് ഇപ്പോൾ ലോകജനതയുടെ നിലവിലുള്ള ഒരു ജീവിത സാഹചര്യം.. 

ഇനി പ്രവാസലോകത്തേക്ക് ഒന്ന് കണ്ണോടിച്ചാൽ ഇന്ന് വരെ അനുഭവിക്കാത്ത ജീവിത വഴികൾ. ഒരു കൊച്ചു ജീവിതം മുന്നിൽ കുടുംബത്തിനും ബന്ധുക്കൾക്കും ഞാൻ ഒരു താങ്ങാകണം എന്ന് കരുതി പിറന്ന മണ്ണ് ഉപേക്ഷിച്ചു പ്രവാസിയായി ലോകത്തെ പല രാജ്യങ്ങളിൽ എത്തിപ്പെട്ട നഴ്സുമാർ.. ലോകമെമ്പാടും ഉള്ള മലയാളികളും ഭരണകർത്താക്കളും ആവശ്യം വരുമ്പോൾ ‘മാലാഖമാർ’ എന്ന വിളിപ്പേർ ചാർത്തി നൽകിയ നഴ്സുമാർ.. ജീവിക്കാനുള്ള വക ഞങ്ങൾക്ക് തരണേ എന്ന് ചോദിച്ചാൽ നഴ്‌സിംഗ് എന്നത് ‘അവശ്യ സർവീസ്’ ആയി പ്രഖ്യപിച്ച് സമരത്തിന്റെ കൂമ്പ് വാട്ടുന്ന പരിപാടി കാണിക്കുന്ന കാലാകാലങ്ങളിലെ  ഭരണകർത്താക്കളാണ് മാലാഖമാർ എന്ന് വിളിക്കുന്നത് ഒരു വിരോധാഭാസമായി നിങ്ങൾക്ക് തോന്നിയാൽ അതിൽ തെറ്റ് കണ്ടുപിടിക്കാൻ സാധിച്ചെന്നു വരില്ല.. അങ്ങനെ ഇല്ലാത്ത കാശ് ഉണ്ടാക്കി പഠിച്ച് മെച്ചപ്പെട്ട ജീവിതം തേടി നാട് വിട്ടവരാണ് മലയാളി നഴ്സുമാർ എന്ന് പറഞ്ഞാൽ അതിൽ തെറ്റ് ഉണ്ടെന്ന് തോന്നുന്നില്ല.. അങ്ങനെ മലയാളികൾ മിക്കവാറും എല്ലാ സ്ഥലങ്ങളിലും എത്തിപ്പെട്ടു… കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഒരുപാടു മലയാളി നഴ്സുമാർ യുകെയിലുമെത്തി.

വിഷമങ്ങളും ബുദ്ധിമുട്ടുകളും പ്രവാസജീവിതത്തിന്റെ അടിത്തറയാണ് എന്ന് മനസ്സിലാക്കുന്നത് പലരും പ്രവാസിയായതിന് ശേഷമാണ്. ഇതിനെല്ലാം ഇടയിലും യുകെയിലെ മലയാളികളായ പ്രവാസികൾ തങ്ങളുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തിയിരുന്നു. എന്നാൽ കൊറോണയുടെ പിടിയിൽ യുകെ വീണതോടെ നഴ്സുമാരുടെയും കുടുംബത്തിന്റെയും മേൽ ഉണ്ടാക്കിയ ഭയം ഇന്നും ഒരു പരിധി വരെ നിലനിൽക്കുന്നു. ആദ്യകാലങ്ങളിൽ ഉണ്ടായ ഭയത്തെ മറികടന്ന് തങ്ങളുടെ കടമയെക്കുറിച്ചു നല്ല ബോധ്യമുള്ള നഴ്സുമാർ സമാനതകളില്ലാത്ത കൊറോണയുമായി യുദ്ധത്തിനിറങ്ങി എന്നത് പിന്നീട് കണ്ടു. ഇത് ഒരു വശം

മറുഭാഗത്തെ ജീവിതം അതിലും ദയനീയം. സ്കൂളുകൾ അടച്ചു അതോടൊപ്പം എല്ലാ സ്ഥാപനങ്ങളും.. വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ ഇരിപ്പായി കുട്ടികളും… കളിച്ചു നടക്കേണ്ട പ്രായത്തിൽ കൂട്ടിലടച്ച പക്ഷിക്ക് തുല്യം…  സാംസ്ക്കാരിക സംഘടനാ പ്രവർത്തനങ്ങൾ  നിന്നു അതുപോലെ ആരാധനാലയങ്ങളും അടക്കപ്പെട്ടു… മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ജീവിത സാഹചര്യം… ഡ്യൂട്ടി കഴിഞ്ഞെത്തുന്ന നഴ്‌സായ അമ്മ… ‘അമ്മെ’ എന്ന് വിളിച്ചു ഓടിയടുക്കുന്ന കുഞ്ഞുങ്ങളെ ഒന്നാശ്വസിപ്പിക്കാനാവാതെ അകന്നുപോകേണ്ട സാഹചര്യങ്ങൾ…. അനുഭവിച്ചവർ ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത നിമിഷങ്ങൾ ആണ്…

ഇവിടുന്നാണ് മലയാളികൾ അതിജീവനം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്… മനസ്സ് മരവിക്കുന്ന മരണവാർത്തകൾ തങ്ങളെ തളർത്താത്ത മറ്റൊരു തലത്തിലേക്ക് മലയാളികൾ ഉണരുകയായിരുന്നു. ഓൺലൈൻ ലൈവ് ഷോകളുടെ  ഒരു ഘോഷയാത്രയാണ് ഇപ്പോൾ നാം കാണുന്നത്. വീടിനുള്ളിൽ ഇരുന്നു ക്രിയാത്മമായി പ്രവൃത്തിക്കുന്ന ഒരു യുകെ മലയാളി സമൂഹം… യുകെയിലെ കൊച്ചുകേരളമെന്ന് അറിയപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷനിൽ ഉള്ളത് ഇരുപതോളം യൂണിറ്റുകൾ… പ്രാർത്ഥനാസമ്മേളനങ്ങൾ കൊറോണയിൽ നിലച്ചു എങ്കിലും അതിന്റെ കെട്ടുറപ്പിനെ ഒരുതരത്തിലും തൊടാൻ കൊറോണക്ക് സാധിക്കില്ല എന്ന് തെളിയിക്കുന്നതാണ് ഹോളി ട്രിനിറ്റി ന്യൂ കാസിൽ പുറത്തിറക്കിയിരിക്കുന്ന വീഡിയോ…

ഏതു പ്രതികൂല സാഹചര്യത്തിലും ബന്ധങ്ങളുടെ വില മനസിലാക്കുന്ന മലയാളികൾ.. കുടുംബമായി ഒന്നിച്ചുള്ള ഭക്ഷണവും പ്രാർത്ഥനകളും കൺകെട്ടികളികളും, പണ്ട് നാട്ടിൽ ചെയ്തിട്ടുള്ളതുപോലെ കപ്പ, ഇഞ്ചി ഒന്നും നടാൻ പറ്റില്ല എങ്കിലും അല്പ്പം ഗാർഡൻ പണികളൊക്കെയും കൂട്ടിച്ചേർത്തു മനോഹരമാക്കിയപ്പോൾ കാണുന്ന മറ്റുള്ളവർക്ക് കൂടി സന്തോഷം പ്രധാനം ചെയ്യുകയായിരുന്നു. അത് ഒരു പ്രചോദനമാണ് പകർന്നു നൽകുന്നത്… ഇവിടെയാണ് നാം യൂണിറ്റിന്റെയും ഭാരവാഹികളെയും അനുമോദിക്കേണ്ടത്. വിഷമങ്ങളിൽ ചെറിയ ഒരു ഫോൺ വിളി പോലും മറ്റുള്ളവർക്ക് നൽകുന്ന ആത്മബലം അറിയാത്തവരല്ല നമ്മൾ…. സമയമില്ലാത്ത നമ്മൾ ഇപ്പോൾ സമയം ഉള്ളവരായി… സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്ന കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹോളി ട്രിറ്റിനിറ്റി സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ മിന്നും താരങ്ങളായ അവർ ഇപ്പോൾ ഇറക്കിയ ഈ മനോഹരമായ ഈ കൊച്ചു വീഡിയോ വഴി സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ മുഖമായി മാറി എന്ന് പറഞ്ഞാൽ അത് അധികമായിപ്പോയി എന്ന് കരുതേണ്ടതില്ല. ആദ്യമായി സ്റ്റോക്ക് വിമെൻസ് ഫോറം ഇത്തരത്തിൽ ഇറക്കിയപ്പോൾ ഇരുപതിലധികം കുട്ടികളെ അണിനിരത്തി സാംസ്ക്കാരിക സംഘടനക്ക് വേണ്ടി മഞ്ജു ജേക്കബ് മറ്റൊരു വീഡിയോയുമായി കളം നിറഞ്ഞിരുന്നു. എന്നാൽ ഇതിനെല്ലാം അപ്പുറത്തായി ഓരോ കുടുംബത്തെയും പൂർണ്ണമായി ഈ പരിപാടിയിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ഇതിലെ വ്യത്യസ്തത. യൂണിറ്റ് പ്രസിഡന്റ് ആയ ഡേവിസ് പുതുശ്ശേരിക്കും സെക്രട്ടറി ആയ സിജി ബിനോയിക്കും സന്തോഷിക്കാൻ ഇതിലേറെ എന്ത് വേണം…

[ot-video][/ot-video]