വിചിത്ര സമുദ്ര ജീവിയെ കണ്ട അനുഭവം പങ്കിടുകയാണ് തെക്കൻ ബ്രസീലിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളി. രാത്രി സമയത്ത് പുറംകടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ അസാമാന്യ വലുപ്പമുള്ള അജ്ഞാതജീവി ഇദ്ദേഹത്തിന്റെ ബോട്ടിന് പിന്നാലെ പാഞ്ഞെത്തുകയായിരുന്നു.

കടലിലൂടെ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായാണ് ബോട്ടിന് പിന്നാലെ തിരിച്ചറിയാനാവാത്ത ഏതോ ജീവി വരുന്നുണ്ടെന്ന് മീൻപിടുത്തക്കാരനു തോന്നിയത്. വലിയ മത്സ്യം ഏതെങ്കിലുമായിരിക്കുമെന്നുകരുതി നോക്കിയപ്പോൾ കണ്ടതാകട്ടെ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിചിത്ര ജീവിയെയും. തിളങ്ങുന്ന കണ്ണുകളും ഇരുണ്ട നിറത്തിലുള്ള വലിയ ഉടലുമാണ് ഈ ജീവിക്കുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ തന്നെ കണ്ടാൽ ഭയപ്പെടുന്ന രൂപം.

ആദ്യം ബോട്ടിൽ നിന്നും അല്പം അകലെയായിരുന്നു ജീവിയെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ അത് വെള്ളത്തിനു മുകളിലൂടെ കുതിച്ചു ബോട്ടിനുപിന്നിലെത്തി. ബോട്ടിനു നേരെ ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ജീവിയെ കണ്ട മീൻപിടുത്തക്കാരൻ ശരിക്കും പരിഭ്രമിച്ചു .എന്നാൽ അസാധാരണമായ ഏതോ ജീവിയാണെന്ന് തിരിച്ചറിഞ്ഞതോടെ അതിന്റെ ദൃശ്യങ്ങളും പകർത്തി. ബോട്ടിന് തൊട്ടുപിന്നാലെ മത്സരിച്ചു കുതിച്ചെത്തുന്ന ജീവിയെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

ഇടയ്ക്കുവച്ച് ബോട്ടിന് തൊട്ടരികിൽവരെ അജ്ഞാതജീവിയെത്തുന്നുണ്ട്. ദൃശ്യങ്ങൾ കാണുന്നവർക്കുവരെ ഏറെ ഭയം തോന്നിക്കുന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലെത്തിയതോടെ ജനശ്രദ്ധ നേടുകയായിരുന്നു. വെള്ളത്തിനു മുകളിലൂടെ കുതിക്കുന്ന ജീവി ഒരു ഡോൾഫിൻ ആയിരിക്കുമെന്നായിരുന്നു പലരുടെയും ആദ്യപ്രതികരണം. എന്നാൽ അജ്ഞാത ജീവിക്ക് അവിശ്വസനീയമായ വേഗമുണ്ടായിരുന്നതിനാൽ ഒടുവിൽ അത് ഡോൾഫിനല്ലെന്ന് ഉറപ്പിക്കുകയായിരുന്നു.

അതേസമയം മത്സ്യത്തൊഴിലാളി കണ്ടത് നീർനായയെ ആയിരിക്കാമെന്ന നിഗമനത്തിലാണ് ഭൂരിഭാഗവും എത്തിച്ചേർന്നത്. നാല് മീറ്റർവരെ വലുപ്പം വയ്ക്കുന്ന ലെപഡ് സീൽ ഇനത്തിൽപെട്ട ഒന്നാവാം ഇതെന്നാണ് പ്രതികരണങ്ങൾ. രാത്രി സമയമായതിനാലാവാം അതിന്റെ കണ്ണുകൾ തിളങ്ങിയതെന്നും അഭിപ്രായമുണ്ട്. എന്തായാലും ഇതിനോടകം അരലക്ഷത്തിനലധികം ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.