ഇറാഖില്‍, ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം അമൃത്സര്‍ വിമാനത്താവളത്തിലെത്തി.

വിദേശകാര്യ സഹമന്ത്രി വികെ സിംഗിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അമൃത്സറിനു ശേഷം പാറ്റ്‌നയിലും കോല്‍ക്കത്തയിലും എത്തി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറും.

ഡിഎന്‍എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നത്. 2014 ജൂണിലാണ് മൊസൂളിലെ നിര്‍മാണകമ്പനിയില്‍ ജോലിക്കാരായ ഇന്ത്യക്കാരെ ബാഗ്ദാദിലേക്കുള്ള യാത്രയ്ക്കിടെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.

ഇവര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാര്‍ച്ച് 20 ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അറിയിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.