കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കീഴടങ്ങി. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് ജയരാജന്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയത്. സിബിഐ ആണ് ജയരാജനെ കതിരൂര്‍ മനോജ് വധക്കേസില്‍ 25-ാം പ്രതിയാക്കിയത്. പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ രാവിലെ ആശുപത്രിയില്‍ നിന്ന് തലശ്ശേരി സെഷന്‍സ് കോടതിയിലെത്തുകയായിരുന്നു. ജയരാജനെ മാര്‍ച്ച് 11 വരെ കോടതി റിമാന്‍ഡ് ചെയ്തു.
ഇരുപത്തിമൂന്നു ദിവസമായി ഹൃദയ സംബന്ധമായ രോഗത്തിന് എകെജി സഹകരണ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു ജയരാജന്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷേ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഡോക്ടറോട് പ്രത്യേക അഭ്യര്‍ത്ഥന നടത്തിയാണ് ഡിസ്ചാര്‍ജ് വാങ്ങിയതെന്ന് ജയരാജന്‍ പറഞ്ഞു. യുഎപിഎ ചുമത്തിയതിനാലാണ് ജയരാജന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാന്‍ ജയരാജന്‍ കീഴടങ്ങുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റണമെന്ന് ജയരാജന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

കതിരൂര്‍ മനോജ് കേസില്‍ ഭീകരപ്രവര്‍ത്തകരോട് ചുമത്തുന്ന യുഎപിഎ വകുപ്പ് ചുമത്താന്‍ ആര്‍എസ്എസ് നേതൃത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കോടതിയില്‍ ഹാജരാകുന്നതിനു മുമ്പ് ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തന്നെ കുടുക്കിയതിനു പിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചയാണ്. ആര്‍എസ്എസ് നേതൃത്വം അമിത് ഷായ്ക്ക് അയച്ച കത്തിലൂടെ ഇക്കാര്യം പുറത്തുവന്നതാണ്. രാഷ്ട്രീയ കേസുകളില്‍ ആദ്യമായാണ് യുഎപിഎ കതിരൂര്‍ മനോജ് വധകേസില്‍ ഉള്‍പ്പെടുത്തിയത്. സിപിഐഎം നേതാക്കളെ കുടുക്കുകയെന്ന ആര്‍എസ്എസ് താല്‍പര്യം അനുസിച്ചാണ് മുഖ്യമന്ത്രി ഈ കേസില്‍ യുഎപിഎ വകുപ്പ് ചുമത്തിയത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് കണ്ണൂര്‍ നടത്തിയ ബൈഠകിന്റെ തുടര്‍ച്ചയായി ഉണ്ടായ ഗൂഢാലോചനയാണ് ഇതെന്നും ജയരാജന്‍ പറഞ്ഞു.