ലണ്ടൻ∙ ആംഗ്ലിക്കൻ സഭയിലെ (ചർച്ച് ഓഫ് ഇംഗ്ലണ്ട്) പ്രഥമ മലയാളി ബിഷപ് റവ. ഡോ. ജോൺ പെരുമ്പലത്തിന്റെ മെത്രാഭിഷേകം ഇന്ന്. ചരിത്രപ്രസിദ്ധമായ ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ രാവിലെ 11നാണ് ഫാ. ഡോ. ജോൺ പെരുമ്പലത്ത് മെത്രാനായി അഭിഷിക്തനാകുന്നത്. ഇംഗ്ലണ്ടിലെ ബ്രാഡ്വെൽ ആസ്ഥാനമായുള്ള ചെംസ്ഫോർഡ് രൂപതയുടെ സഹായ മെത്രാനായാണ് മലയാളിയായ ഡോ. ജോണിനെ (52) സഭയുടെ  അധ്യക്ഷയായ എലിസബത്ത് രാജ്ഞി മാർച്ച് ഒൻപതിന് നിയമിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞവർഷം ജൂലൈയിൽ അന്തരിച്ച ബിഷപ് റവ. ഡോ. ജോൺ മൈക്കിൾ റോയുടെ പിൻഗാമിയായാണ് നിയമനം.

ഫാ. ജോണിനൊപ്പം ബ്രിസ്റ്റോൾ രൂപതയുടെ മെത്രാനായി റവ .ഡോ. വിവിയൻ ഫോളും ടൺബ്രിഡ്ജ് രൂപയുടെ ബിഷപ്പായി റ. ഡോ. സൈമൺ ബർട്ടൺ ജോൺസും ഇന്ന്  അഭിഷിക്തരാകും.  സഭയുടെ  ആത്മീയ തലവനായ കാന്റർബറി ആർച്ച്ബിഷപ്പ് റവ. ഡോ. ജസ്റ്റിൻ വെൽബിയുടെ മുഖ്യ കാർമികത്വത്തിലാകും മെത്രാഭിഷേക ചടങ്ങുകൾ.

2002 മുതൽ ആംഗ്ലിക്കൻ സഭയിൽ വൈദികനാണ് വയനാട് മാനന്തവാടി സ്വദേശിയായ ഡോ. ജോൺ പെരുമ്പലത്ത്. പന്തളം പുന്തലയിൽനിന്നും വയനാട്ടിലേക്ക് കുടിയേറിയ പെരുമ്പലത്ത് പി.എം. തോമസിന്റെയും അമ്മിണിയിലുടെയും മകനാണ്.

പൂനെയിലെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽനിന്നും  ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ഫാ. ജോൺ. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ (സി.എൻ.ഐ) വൈദികനായിരുന്നു. 1995 മുതൽ 2001 വരെ കൊൽക്കത്തയിൽ വൈദികനായിരുന്ന അദ്ദേഹം ഉപരിപഠനാർഥം ബ്രിട്ടണിലെത്തിയപ്പോഴാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമായത്.

റോച്ചസ്റ്റർ, ബക്കൻഹാം, നോർത്ത് ഫ്ലീറ്റ്, പിയറി സ്ട്രീറ്റ് എന്നിവിടങ്ങളിൽ വൈദികനായി പ്രവർത്തിച്ചു. 2013ൽ ഈസ്റ്റ് ലണ്ടനിലെ ബാർക്കിങ് പള്ളിയിൽ ആർച്ച്ഡീക്കനായി നിയമിതനായി.

സഭയുടെ കീഴിലുള്ള വിവിധ സമിതികളിലും പബ്ലിക് അഫയേഴ്സ് കൗൺസിലിലും ജനറൽ സിനഡിലും അംഗമായ ഫാ. ജോൺ ബിഎ, ബി.ഡി, എം.എ, എംത്, പി.എച്ച്.ഡി യോഗ്യതകൾ ഉള്ളയാളാണ്.

ഗണിതശാസ്ത്ര അധ്യാപികയായ ജെസിയാണ് ഭാര്യ. നിലമ്പൂർ പുല്ലഞ്ചേരി തെക്കേതൊണ്ടിയിൽ ടി.വി. യോഹന്നാന്റെയും എലിസബത്തിന്റെയും മകളാണ് ജെസി. ഏകമകൾ അനുഗ്രഹ മെഡിക്കൽ വിദ്യാർഥിയാണ്.