ലണ്ടന്‍ വിസാ തട്ടിപ്പിന്റെ മുഖ്യ കണ്ണി എന്ന് കരുതപ്പെടുന്ന ജോഷി തോമസ് 38 പോലീസ് പിടിയില്‍. യുകെയിലേക്കു നഴ്‌സിങ് ജോലി തരപ്പെടുത്താം എന്ന വാഗ്ദാനവുമായി ഇയാള്‍ നൂറുകണക്കിന് ആളുകളെ കബളിപ്പിച്ചിട്ടുണ്ട് എന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിയുന്നത്.

ലണ്ടനില്‍ എത്താന്‍ ഐഇഎല്‍ടിഎസ് പരീക്ഷാ സ്‌കോറിങ് നിര്‍ബന്ധം ആണെന്നിരിക്കെ ഇതൊന്നും ഇല്ലാതെ താന്‍ ലണ്ടനില്‍ എത്തിക്കാം എന്നതായിരുന്നു ഇയാളുടെ ഓഫര്‍. ഇയാളുടെ ഭാര്യ എന്ന് കരുതപ്പെടുന്ന സ്ത്രീയും തട്ടിപ്പില്‍ മുഖ്യ കണ്ണിയാണെന്നു സംശയിക്കപ്പെടുന്നു. ജോഷി തോമസിന്റെ വലംകൈ ആയി പ്രവര്‍ത്തിച്ച മാര്‍ഗരറ്റ് വിസ നടപടിക്രമങ്ങളുടെ ഭാഗം എന്ന് വിശ്വസിപ്പിച്ചു അപേക്ഷകരെ എറണാകുളം വിഎഫ്എസ് കേന്ദ്രത്തില്‍ എത്തിച്ചു അവസാന ഗഡു ആയി 50000 രൂപ കൂടി കൈക്കലാക്കുന്നതിനിടയില്‍ സംശയം തോന്നിയ അപേക്ഷകരുടെ ഇടപെടലാണ് ഈ തട്ടിപ്പു സംഘത്തെ പോലീസ് പിടിയിലാക്കാന്‍ സഹായിച്ചത്.

മാര്‍ഗരറ്റിനെ പിടികൂടിയതിനെ തുടര്‍ന്ന് രംഗത്ത് നിന്നും അപ്രത്യക്ഷനായ ജോഷിയെ പിടികൂടുന്നതിനായി കേരള പോലീസ് അന്യ സംസ്ഥാന പോലീസിന്റെ സഹായവും തേടിയിരുന്നു. പ്രധാന എയര്‍പോര്‍ട്ടുകളില്‍ കൂടി വിവരം അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാന്‍ എത്തിയ ജോഷി തോമസ് മുംബൈ എയര്‍പോര്‍ട്ട് പോലീസിന്റെ പിടിയിലാകുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നെത്തിയ പോലീസ് സംഘം മുംബൈയില്‍ വച്ച് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക ആയിരുന്നു.
കാസര്‍ഗോഡ് കരിപേടകം സ്വദേശിയാണ് ജോഷി തോമസ് എന്ന് പോലീസ് വ്യക്തമാക്കുന്നു. ഇയാളുടെ തട്ടിപ്പില്‍ കൂടുതല്‍ അകപ്പെട്ടതും കാസര്‍ഗോഡ്, കാഞ്ഞങ്ങാട് പ്രദേശങ്ങളില്‍ ഉള്ളവരാണ്. കേരളത്തിലെ ഒരു പ്രധാന ധ്യാനകേന്ദ്രത്തിലെ വാട്സ്ആപ് ഗ്രൂപ് വഴിയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. വാട്സ്ആപ് കൈകാര്യം ചെയ്തിരുന്ന ഏതാനും പേരും ഇയാളുടെ സഹായകളായി പ്രവര്‍ത്തിച്ചിരിക്കാം എന്ന് സംശയമുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ധ്യാനകേന്ദ്രം അധികൃതര്‍ വാട്ട്സ്ആപ്പ് കൂട്ടായ്മകള്‍ പിരിച്ചു വിടാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

എറണാകുളം സൗത്ത് പോലീസ് ആണ് ജോഷി തോമസിനെതിരെ കേസെടുത്തിരിക്കുന്നത്. ഏകദേശം 45 പേരുടെ പരാതിയാണ് എറണാകുളം പോലീസ് കൈകാര്യം ചെയ്യുന്നത്. ഇയാളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇപ്പോഴും പോലീസ് കണ്ടെത്തുകയാണ്. ഇയാള്‍ മുന്‍പ് ദുബായ് അടക്കമുള്ള രാജ്യങ്ങളില്‍ താമസിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. മുന്‍പും സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായും ഇപ്പോള്‍ വിവരം പുറത്തു വരുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പൊടുന്നനെ വിദേശത്തേക്ക് കടക്കുന്നതില്‍ വിജയിച്ചിരുന്നു.

എന്നാല്‍ മടങ്ങി എത്തി പണ സംബന്ധമായ ചില ഇടപാടുകള്‍ നടത്തി വീണ്ടും വിദേശത്തേക്ക് മടങ്ങുന്നതിനിടയിലാണ് പോലീസ് കുരുക്കില്‍ പെട്ടിരിക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ട കേസ് വിവരങ്ങള്‍ പോലീസ് ഫോറീനഴ്‌സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസിനും കൈമാറിയിട്ടുണ്ട്. ഇതാണ് ഇയാളെ ഇപ്പോള്‍ പിടിയിലാക്കാന്‍ കാരണമായി മാറിയതും. രാജ്യമെങ്ങും ഇയാള്‍ക്ക് വേണ്ടി അന്വേഷണ സംഘത്തിന്റെ കണ്ണ് ഉണ്ടായിരുന്നു എന്നതറിയാതെയാണ് ഇയാള്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തുന്നതും ഒടുവില്‍ പിടിയിലാകുന്നതും.

ഇയാള്‍ക്ക് എതിരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റില്‍ ആയ നിലക്ക് ചോദ്യം ചെയ്യലിനായി വിവിധ ജില്ലകളിലെ പൊലീസിന് ഇയാളെ കൈമാറേണ്ടി വരും. ഇംഗ്ലണ്ട് വിസ തട്ടിപ്പ് കേസില്‍ മെറിന്‍ ജോഷി എന്ന വ്യക്തി കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അപേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭാര്യ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖേനെയാണ് ഇയാള്‍ പണം കൈകാര്യം ചെയ്തിരുന്നതെന്നും സൂചനായുണ്ട്. അതിനിടെ പണം നഷ്ടമായവര്‍ക്കു പ്രതി അറസ്റ്റില്‍ ആയതോടെ താല്‍ക്കാലിക ആശ്വാസം ആയെങ്കിലും നഷ്ടമായ പണം തിരികെ കിട്ടുമോ എന്ന കാര്യം കണ്ടറിയണം.

ഇംഗ്ലണ്ട അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഒരു യോഗ്യതയും ഇല്ലാതെ ജോലി ചെയ്യാന്‍ എത്താം എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇപ്പോഴും വിശ്വസിക്കാന്‍ മലയാളികള്‍ തയ്യാറാണ് എന്നതാണ് ജോഷി തോമസും സംഘവും നടത്തിയ തട്ടിപ്പിലൂടെ വ്യക്തമാകുന്നത്. ഇന്നേവരെ ഒരാളെ പോലും ഇയാള്‍ വിദേശത്തു എത്തിച്ചിട്ടില്ലെങ്കിലും പ്രാര്‍ത്ഥനാ ഗ്രൂപ്പ് വഴി ഇത്തരം ഒരു തട്ടിപ്പ് ഒരിക്കലും നടക്കില്ലെന്നു കരുതിയ അപേക്ഷകരുടെ നിഷ്‌കളങ്കതയാണ് ജോഷി തോമസ് തന്റെ കച്ചവടത്തിന് അടിത്തറയാക്കി മാറ്റിയത്.

ഈ കേസില്‍ അന്താരാഷ്ട്ര കണ്ണികള്‍ ഉള്‍പ്പെട്ടിരിക്കാന്‍ ഉള്ള സാധ്യതയും പണം നഷ്ടമായവര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവരില്‍ പലരും ഇംഗ്ലണ്ടില്‍ ഉള്ള സാം എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് യുകെ റിക്രൂട്ട്മെന്റിന്റെ കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇയാള്‍ യുകെയില്‍ നിന്ന് തന്നെയാണോ വിളിച്ചിരിക്കുന്നത് എന്നത് പോലീസ് കണ്ടെത്തേണ്ട കാര്യമാണ്. കേസിലെ പ്രതികള്‍ ഇരകളായവര്‍ക്കു വിശ്വാസത്തിനായി നല്‍കിയ നമ്പറുകള്‍ സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുകയാണ്.

ഇപ്പോള്‍ പ്രധാന പ്രതി അകത്തായതോടെ കേസിലെ യുകെ കണ്ണികളെ പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘം പങ്കുവയ്ക്കുന്നത്. ഗള്‍ഫില്‍ വച്ച് താന്‍ പരിചയപ്പെട്ട ജോഷി തോമസിന്റെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് മാര്‍ഗരറ്റ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. കേസില്‍ ഇവരുടെ റോള്‍ എന്തെന്ന് അന്വേഷണത്തിന്റെ പ്രധാന ഘട്ടത്തില്‍ പൊലീസിന് പറയാനാകില്ല. പണം ഇവരിലൂടെ കൈമറിഞ്ഞു പോയിരിക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ മാര്‍ഗരറ്റിന് അറിയാം എന്ന് തന്നെയാണ് പോലീസ് കരുതുന്നത്.

അതിനിടെ സെഹിയോന്‍ ധ്യാനകേന്ദ്രവുമായി ഈ കേസിനു യാതൊരു ബന്ധവും ഇല്ലെന്ന മട്ടില്‍ പ്രാര്‍ത്ഥന കേന്ദ്രത്തിന്റെ വിശദീകരണവും നേരത്തെ പുറത്തു വന്നിരുന്നു. പ്രസ്തുത പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ വാട്സ്ആപ് പിരിച്ചു വിടാനും നിര്‍ദ്ദേശം നല്‍കിയതായി സെഹിയോന്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. കാഞ്ഞങ്ങാട്ടെ പ്രാര്‍ത്ഥന ഗ്രൂപ്പിലെ ജിമ്മി, ബിജു എന്നിവര്‍ ഈ തട്ടിപ്പിലെ കണ്ണികള്‍ തന്നെ ആണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

ജോഷി തോമസ് കൈപ്പറ്റിയ പണം ജിമ്മിയുടെ ഭാര്യ സനിത ജോസ് അടക്കമുള്ളവരുടെ അക്കൗണ്ടുകള്‍ വഴിയാണ് കൈമാറിയിരിക്കുന്നത്. കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ ഉള്ള 25 പേരുടെ അക്കൗണ്ടുകള്‍ വഴിയാണ് രണ്ടേകാല്‍ കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. പൊടുന്നനെ വന്‍തുക ഒരു അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് അധികൃതരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ആണ് ജോഷി തോമസ് ഇത്തരത്തില്‍ പലര്‍ വഴി പണം കൈമാറ്റം ചെയ്തത്.

വിവിധ രാജ്യങ്ങളില്‍ തൊഴില്‍ അവസരം എന്ന പേരില്‍ അടുത്തിടെയാണ് തട്ടിപ്പുകാരുടെ എണ്ണം ഏറിയിരിക്കുക ആണെന്ന് പോലീസ് തന്നെ സൂചിപ്പിക്കുന്നു. ഇത് തടയാന്‍ നാലു മാസം മുന്‍പ് കേരള പോലീസ് ഇമൈഗ്രെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എന്ന പേരില്‍ പ്രത്യേക ടീമിനെ ക്രൈം ബ്രാഞ്ചിന്റെ കീഴില്‍ ആരംഭിച്ചിരിക്കുകയാണ്. വിദേശത്ത് ആളെ പറഞ്ഞയക്കാം എന്ന പേരില്‍ റിക്രൂട്ട്മെന്റ് ബിസിനസ് നടത്തുന്നവരെ കുടുക്കാന്‍ ഈ പ്രത്യേക യൂണിറ്റ് പ്രയോജനപ്പെടും എന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ ജോഷി തോമസ് പ്രതിയായ ഇംഗ്ലണ്ട് വിസ കേസ് ഉടനെ ഈ പ്രത്യേക വിഭാഗത്തിലേക്ക് കൈമാറില്ലെന്നു എറണാകുളം പോലീസ് സൂചിപ്പിക്കുന്നു. പ്രാഥമിക അന്വേഷണം ലോക്കല്‍ പോലീസ് നടത്തി ലഭ്യമായ തെളിവുകള്‍ അടക്കമാകും കേസ് പ്രത്യേക വിഭാഗത്തിന് കൈമാറുകയെന്നും നിലവിലെ അന്വേഷണ സംഘ തലവന്‍ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി. കേസിലെ മുഴുവന്‍ ആളുകളെയും ഉടന്‍ പിടികൂടാന്‍ കഴിയും എന്ന പ്രതീക്ഷയാണ് പോലീസ് നല്‍കുന്നതും.