ഹൈദരാബാദ്: ചലച്ചിത്ര നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ഷൂട്ടിംഗിനായാണ് കല്‍പ്പന ഹൈദരാബാദിലെത്തിയത്. ഹോട്ടല്‍ മുറിയില്‍ ബോധരഹിതയായി കണ്ടെത്തിയ ഇവരെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പുതന്നെ മരണം നടന്നതായി സ്ഥിരീകരിച്ചു. 51 വയസ്സായിരുന്നു. ഹോട്ടലില്‍ വച്ചു തന്നെ മരിച്ചതായാണ് വിവരം. അതിനാല്‍ മരണ കാരണം സ്ഥിരീകരിക്കുന്നതിന് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജൂബിലി ഹില്‍സിലെ അപ്പോളോ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകിട്ടോടെ കേരളത്തില്‍ എത്തിച്ചേക്കുമെന്നാണ് സൂചന.
മഞ്ഞ് ആയിരുന്നു കല്‍പ്പനയുടെ ആദ്യ സിനിമ. അതിനു ശേഷം മൂന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളിയിലാണ് കല്‍പ്പനയുടെ ഏറ്റവും ഒടുവില്‍ പുറത്തു വന്ന സിനിമ. ഈ ചിത്രത്തിലെ കഥാപാത്രവും മരിച്ചു പോവുകയാണെന്നത് യാദൃച്ഛികമാകാം. ഹാസ്യ വേഷങ്ങളാണ് കൂടുതലായും കൈകാര്യം ചെയ്തിരുന്നതെങ്കിലും ആഴത്തിലുള്ള പല കഥാപാത്രങ്ങളും അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. നാടകപ്രവര്‍ത്തകരായ വി.പി. നായരുടെയും വിജയലക്ഷ്മിയുടെ മകളാണ്. കലാരഞ്ജിനി, ഉര്‍വശി എന്നിവര്‍ സഹോദരിമാരാണ്. ഭര്‍ത്താവ് അനിലില്‍നിന്ന് 2012ല്‍ കല്‍പ്പന വിവാഹമോചനം നേടിയിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനു മുമ്പും കല്‍പനയ്ക്ക് ഹൃദയാഘാതമുണ്ടായിട്ടുണ്ടെന്ന് ചലച്ചിത്രമേഖലയില്‍ നിന്നുള്ള സുഹൃത്തുക്കള്‍ പറയുന്നു. പുലര്‍ച്ചെ നാലുമണി വരെ കല്‍പ്പന സംസാരിച്ചിരുന്നതായാണ് വിവരം. ആറുമണിയോടെയാണ് അവശനിലയില്‍ ഇവരെ കാണുന്നത്. തമിഴ്, തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനെത്തിയ കല്‍പ്പനയ്‌ക്കൊപ്പം സഹായിയും ഉണ്ടായിരുന്നു. സഹായി രാവിലെ കല്‍പനയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചിട്ടും ഉണരാത്തതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.