ഷാരോൺ ഷാജി

കഴിഞ്ഞ ഒരാഴ്ചക്കാലമായി നമ്മൾ ചർച്ച ചെയ്യുകയാണ് ക്ലാസ് മുറിയിലെ വിഷജന്തുക്കളെ കുറിച്ച്, സാക്ഷര കേരളവും പൊതുവിദ്യാഭ്യാസവും മറുപടിയില്ലാതെ തലകുമ്പിട്ട് നിൽക്കുന്നതിനെക്കുറിച്ച്, സഹപാഠിയെ ഓർത്ത് തെരുവിൽ മുഷ്ഠികളുയർത്തിയ ഒരുപറ്റം വിദ്യാർത്ഥികളെക്കുറിച്ച്. ചർച്ചകൾക്കും പോരാട്ടങ്ങൾക്കുമൊടുവിൽ കർശന നിയമ നടപടിയുമായി സർക്കാർ രംഗത്തുവന്നു. അവിടെ കഴിഞ്ഞു നമ്മുടെ ധാർമ്മി കോത്തരവാദിത്തം. നാട്ടുകാരുടെ പ്രതിഷേധം സ്കൂൾ തല്ലിത്തകർത്തും നാശനഷ്ടങ്ങൾ വരുത്തിവെച്ചും അവസാനിച്ചു.

എന്നാൽ നിശബ്ദ പ്രതികരണംപോലുമില്ലാതെ മരവിച്ച മനസുമായി ഇരിക്കുന്ന ഒരു പിതാവിനെ നമ്മൾ കണ്ടു, അഭിഭാഷകൻ കൂടിയായ ഷെഹലയുടെ അച്ഛനെ. അദ്ദേഹം ആർക്കും മുമ്പിൽ ആക്രോശിക്കുന്നില്ല, കണ്ണനനയ്ക്കുന്നില്ല. ” നഷ്ടം, അത് ഞങ്ങളുടേത് മാത്രമാണ്. പോകാനുള്ളത് പോയി ” ഇതായിരുന്നില്ലേ നമ്മൾ അദ്ദേഹത്തിൽ നിന്നും കേട്ട മറുപടി. മരണത്തോട് മല്ലടിക്കുന്ന തന്റെ കുഞ്ഞുമായി മണിക്കൂറുകളോളം ആശുപത്രിപ്പടികൾ കയറിയിറങ്ങിയ ഒരച്ഛന് ഇതിൽ കൂടുതൽ എന്താണ് പറയാനാവുക! സമൂഹജീവിയെന്ന് വിളിക്കുന്ന മനുഷ്യർ ആ അച്ഛനെ ഉപേക്ഷിക്കുകയായിരുന്നില്ലേ? അവിടെ വിദ്യാർത്ഥികളെ സ്നേഹിക്കുന്ന അദ്ധ്യാപകനേയോ രോഗികളെ ശുശ്രൂഷിക്കുന്ന ആതുര സേവക നേയോ നമ്മൾ കണ്ടില്ല. ആ മണിക്കൂറുകളിലെല്ലാം ആ അച്ഛൻ നിസ്സഹായനായിരുന്നു, ഒന്ന് പൊട്ടിക്കരയാൻപോലുമാവാതെ . മകൾക്ക് സംഭവിച്ച ദുർവിധി മറ്റൊരു കുഞ്ഞിനും സംഭവിക്കരുതെന്ന് അവർ ആരോടെല്ലാമോ പറയുന്നു.
മകൾക്കു പാമ്പുകടിയേറ്റെന്നറിഞ്ഞ് കോടതി മുറിയിൽ നിന്നും കുതറിയോടിയ ആ അച്ഛന്റെ ചങ്കിടിപ്പ് ഒരു തീരാവേദനയായി അവശേഷിക്കുകയാണ്.

അവളുടെ പുഞ്ചിരി മായാത്ത മുഖം അവരെ അലട്ടുന്ന ഒരു ഓർമ്മ മാത്രമായി. നീതിയും നിയമവും നോക്കുകുത്തികളായ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എവിടേയും എന്തിനും ആക്രോശിക്കുന്ന മുദ്രാവാക്യം വിളിക്കുന്ന നമുക്ക് മുന്നിൽ നിസ്സഹായതയുടെ ആൾരൂപമാ മാറുകയാണ് ആ പിതാവ്. ഓരോ ആശുപത്രി പടികൾ കയറുമ്പോഴും അദ്ദേഹം മറുമരുന്നിനുവേണ്ടി യാചിച്ചു. വിഷം ശരീരമാകെ വ്യാപിച്ച് നീല പടർത്തിയപ്പോഴും മരുന്നില്ലെന്ന് പറഞ്ഞ് അവരെ അടുത്ത ആശുപത്രിയിലേയ്ക്ക് പറഞ്ഞു വിടുകയാണ് ചെയ്തത്. അവിടെയും നിരാശനാകാതെ ആ അച്ഛൻ പാഞ്ഞു, തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ. ഒരു നെടുവീർപ്പിട്ടു നാം അവസാനിപ്പിക്കുമ്പോഴും ആ മാതാപിതാക്കൾക്കുണ്ടായ ശൂന്യതയുടെ ആഴവും പരപ്പും അവസാന ശ്വാസംവരേയ്ക്കുo ഉള്ളതാണ്. കേവലം വാർത്ത മാത്രമായി ഇവയെ കണക്കാക്കുമ്പോൾ തിരസ്ക്കരിക്കുമ്പോൾ ഇനിയും ജീവനുകൾ പൊലിയുo…

 

ഷാരോൺ ഷാജി.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് കാവാലമാണ് സ്വദേശം. കോട്ടയം സി.എം.എസ്. കോളേജിൽ നിന്നും മലയാളത്തിൽ ബിരുദവും ഇപ്പോൾ കോട്ടയം പ്രസ്സ് ക്ലബ്ബ് ജേണലിസം വിദ്യാർത്ഥിനിയുമാണ്. കൊച്ചുപുരയ്ക്കൽ വീട്ടിൽ ഷാജി രാജേശ്വരി ദമ്പതികളുടെ ഇളയ മകൾ. സഹോദരൻ രാഹുൽ.