അടിപിടി കേസിൽ പ്രതിയായ യുവാവ് മദ്യപിച്ചെത്തി കഴിഞ്ഞ ദിവസം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പെട്രോളോഴിച്ചു ആത്മഹത്യശ്രമം നടത്തി. സംഭവം കണ്ടുനിന്ന ഹോം ഗാർഡ്  സമയോചിതമായ ഇടപെടൽ മൂലം യുവാവിനെ കിഴ്പ്പെടുത്തിയത് കൊണ്ട് ഒരു ദുരന്തം ഒഴിവായി. യുവാവിന്റെ ജീവൻ രക്ഷിച്ച ഹോം ഗാർഡ് വർഗീസ് ആന്റണി പുരക്കൽ കുട്ടനാട് പുളിങ്കുന്ന് സ്വദേശിയാണ്.

ഹോം ഗാർഡ് വർഗീസ് ആന്റണി പുരക്കൽ

18 വർഷത്തോളം ജവാനായിരുന്ന ബേബി (വർഗീസ് ആന്റണി) ഇപ്പോൾ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി ജോലി ചെയ്തു വരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ എട്ടുമണിക്കാണ് സംഭവം. സ്ഥിരം ശല്യക്കാരനായ യുവാവ് അയൽവാസിയുമായി പൊതുനിരത്തിൽ അടിപിടി ഉണ്ടാക്കിയതിന് പോലീസ് കേസ് എടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചു യുവാവ് കുപ്പിയിൽ പെട്രോളുമായി വന്നു സ്റ്റേഷന് മുൻപിൽ നിന്ന് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീപ്പട്ടിയുമായി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

ആദ്യം തടയാനെത്തിയ പോലീസുകാരനുമായി മൽപ്പിടുത്തം ഉണ്ടായി. പൊലിസുകാർക്കും പരുക്കേറ്റു. തുടർന്ന് അവസരോചിതമായ വർഗീസ് ഇടപെട്ടു തീപ്പട്ടി തട്ടി തെറിപ്പിച്ചു കളഞ്ഞു പ്രതിയെ കിഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിയെ താലൂക്ക് ഹോസ്പറ്റലിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പരുക്കേറ്റ പോലീസുകാരൻ പ്രകാശനെയും ആശുപത്രിൽ പ്രവേശിപ്പിച്ചു. നിരവധി അടിപിടി കേസുകളിൽ പ്രതിയാണ് വിഷ്ണു പ്രദീപ് (26) എന്ന് പോലീസുകാർ പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഹോം ഗാർഡ് വർഗീസ് ആന്റണിയെ ചിങ്ങവനം ഇൻസ്‌പെക്ടറുടെ നേത്രത്തിൽ പോലീസുകാർ അഭിനന്ദിച്ചു.

  ബിജോ തോമസ് അടവിച്ചിറ