ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് 19 മൂലമുള്ള സാമ്പത്തികബാധ്യത ഏറ്റവും കൂടുതൽ വേട്ടയാടിയ ഒരു മേഖലയാണ് ഹൗസിംഗ് മാർക്കറ്റ്. ബ്രിട്ടനിൽ ഹൗസിംഗ് മാർക്കറ്റ് വൻ പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വൻ തലക്കെട്ട് സൃഷ്ടിച്ചിരുന്നു. വീടും വസ്തുവും വാങ്ങുന്നവർക്ക് ആവശ്യമായ ലോണുകൾ നൽകുന്ന ലെൻഡർമാർ വസ്തുവിന്റെ പകുതി വില കണക്കാക്കി മാത്രമേ ലോൺ ഇടപാടുകൾ ഇപ്പോൾ നടത്തുന്നുള്ളൂ. അതിനാൽ തന്നെ വീടും വസ്തുവും മറ്റും വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഈ പ്രതിസന്ധിയെ മലയാളിയുടെ മിടുക്ക് കൊണ്ട് മറികടക്കാൻ ശ്രമിക്കുകയായിരുന്നു ഡാർബി ഷെയറിൽ താമസിക്കുന്ന ശ്രീകാന്തും ഭാര്യ സൂര്യമോളും. 170,000 പൗണ്ട് മാർക്കറ്റ് വിലയുള്ള 3 ബെഡ് റൂം വീട് നറുക്കിട്ട് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു ഈ ദമ്പതികൾ. മലയാളം യുകെ ഉൾപ്പെടെയുള്ള മാധ്യമങ്ങളൂടെയുള്ള വൻ പ്രചാരമാണ് ഈ പദ്ധതിക്ക് ലഭിച്ചത്. എന്നാൽ ഇതുവരെ ടിക്കറ്റ് വിറ്റ് കിട്ടിയ തുക വീടിൻെറ തുകയേക്കാൾ കുറവായതുകൊണ്ട് ശ്രീകാന്തിൻെറ വീടിൻെറ വിൽപന നടന്നില്ല. എന്നാൽ ടിക്കറ്റ് വിറ്റ് കിട്ടുന്ന തുക വീടിൻറെ വിലയേക്കാൾ കുറവാണെങ്കിൽ ടിക്കറ്റുകൾ വിറ്റ തുകയുടെ 75 ശതമാനം നറുക്കിട്ട് ഒന്നും രണ്ടും വിജയികൾക്ക് നൽകുമെന്നും ബാക്കി 25 ശതമാനം റാഫിൾ കമ്പനിക്ക് ലഭിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ശ്രീകാന്തിൻെറ വീടിൻെറ നറുക്കെടുപ്പിൽ ഒന്നും രണ്ടും സ്ഥാനക്കാരാകാൻ ഭാഗ്യം ലഭിച്ചത് രണ്ട് മലയാളികൾക്കാണ്. മാഞ്ചസ്റ്ററിൽ താമസിക്കുന്ന മലയാളിയായ അജു വർഗീസിന് ഒന്നാം സമ്മാനമായ 22,560 പൗണ്ട് ലഭിച്ചപ്പോൾ രണ്ടാം സമ്മാനമായ പതിനായിരം പൗണ്ട് നേടിയത് ടോണ്ടനിൽ താമസിക്കുന്ന ദിലീപ് നായർക്കാണ്. ഒരുപക്ഷെ വീടിൻെറ വിലയ്ക്ക് ഒപ്പമുള്ള ടിക്കറ്റുകൾ വിൽക്കാൻ സാധിച്ചിരുന്നെങ്കിൽ 170,000 പൗണ്ട് മാർക്കറ്റ് വിലയുള്ള 3 ബെഡ് റൂം വീടായിരുന്നു അജു വർഗീസിന് ലഭിക്കേണ്ടിയിരുന്നത്.

ആലപ്പുഴ കൊറ്റംകുളങ്ങര തുണ്ടത്തിൽ കെ.എസ്. ബാലചന്ദ്രന്റെ മകനായ ശ്രീകാന്തിൻെറ ആഗ്രഹം വീടു വിറ്റ്, മകളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ യോജിച്ച മറ്റൊരു സ്ഥലത്തേക്ക് മാറുക എന്നതായിരുന്നു. കഴിഞ്ഞ ജൂൺ മാസം മുതൽ വീട് വില്പനയ്ക്ക് ശ്രമിച്ചിട്ട് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെ ഒരു രീതി പരീക്ഷിക്കാൻ ഇവർ മുതിർന്നത്. പ്രമുഖ റാഫിൾ കമ്പനിയുടെ സഹായത്തോടെ വിൽക്കുന്ന ടിക്കറ്റ്ഒന്നിന് 5 പൗണ്ട് ആണ് വില നിശ്ചയിച്ചിരുന്നത്. തൻെറ വീട് വിൽക്കാനുള്ള പദ്ധതി നടന്നില്ലെങ്കിലും നറുക്കെടുപ്പിൽ ഭാഗ്യം രണ്ട് മലയാളികളെ തുണച്ച സന്തോഷത്തിലാണ് ശ്രീകാന്തും ഭാര്യ സൂര്യമോളും.