അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ എല്ലാ പ്രതികളും അറസ്റ്റില്‍. 16 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് പാലക്കാട് എസ്പി അറിയിച്ചു. പ്രതികളെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും. മധുവിനെ കാട്ടിക്കൊടുത്ത വനം ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതലനടപടിയുണ്ടാകും.

മരണം ക്രൂരപീഡനത്തിലൂടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്

അട്ടപ്പാടിയില്‍ മധുവിനെ തല്ലിക്കൊന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. തലയില്‍ ഇടിച്ചപ്പോഴുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. വാരിയെല്ല് തകര്‍ന്നിട്ടുണ്ട്. അറസ്റ്റിലായ പതിനൊന്നു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.

ആദിവാസി യുവാവ് മധുവിന്റെ മരണകാരണം തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. മര്‍ദ്ദനമേറ്റ് വാരിയെല്ല് തകര്‍ന്നു. ദേഹാമസകലം മര്‍ദ്ദനമേറ്റതായും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. മധുവിനെ കൊന്നതാണെന്ന് വ്യക്തമായതോടെ പൊലീസ് പ്രധാനപ്പെട്ട വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തി. കൊലക്കുറ്റം, പട്ടികവര്‍ഗ പീഢന നിരോധന നിയമം, വനത്തിലേക്ക് അതിക്രമിച്ചു കയറല്‍ തുടങ്ങി ഏഴു വകുപ്പുകള്‍ ചുമത്തി. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഐ.ടി. ആക്ടും പ്രതികള്‍ക്കെതിരെ ചുമത്തി. നാലു പ്രതികളെക്കൂടി ഇനി കിട്ടാനുണ്ടെന്ന് ഐ.ജി: എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു.

മധുവിനെ ആക്രമിക്കുമ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ കാഴ്ചക്കാരായെന്ന ബന്ധുക്കളുടെ ആരോപണം പരിശോധിക്കുമെന്നും ഐ.ജി. പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം മൂന്നു മണിക്കൂര്‍ നീണ്ടു. പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രേഖാമൂലം വിശദമായി മൂന്നു ദിവസത്തിനകം പൊലീസിന് കൈമാറും.

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദിച്ച സംഭവത്തിൽ വനപാലകർക്കു പങ്കുണ്ടെങ്കിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്നു മന്ത്രി കെ. രാജു. വനത്തിലെ ഗുഹയിലുള്ള മധുവിന്റെ താമസസ്ഥലം നാട്ടുകാർക്കു കാണിച്ചുകൊടുത്തതും അവരെ വനത്തിൽ കയറ്റിവിട്ടതും വനപാലകരാണെന്ന വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി