സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ താൻ സിബിഐക്ക് ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് പാലാ നിയുക്ത എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി. കാപ്പന്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി മുംബൈ വ്യവസായി കോടിയേരിക്ക് പണം നല്‍കിയെന്ന ഗുരുതര ആരോപണമായിരുന്നു രംഗത്തെിയ ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ ഉന്നയിച്ചത്. എന്നാൽ താനുമായി ബന്ധപ്പെട്ട് സി.ബി.ഐയില്‍ കേസുകളൊന്നും നിലവിലില്ലെന്ന് വ്യക്തമാക്കിയ മാണി സി. കാപ്പൻ ഇത്തരത്തിൽ ഒരു മൊഴിനല്‍കിയിട്ടില്ലെന്നും, പുറത്ത് വന്നത് വ്യാജ രേഖകളാണെന്നും പ്രതികരിച്ചു.

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘പുറത്ത് വന്ന രേഖകളിൽ തന്റെ ഒപ്പില്ല. ആദ്യം ഇലക്ഷന്‍ സമയത്ത് ഈ വർത്ത പുറത്തുവന്നത്. തന്റെ മുന്നോട്ടുള്ള വളർച്ച തടസ്സപ്പെടുത്താനാണ് വിവാദം. തിരഞ്ഞെടുപ്പ് സമയത്തെ സ്റ്റണ്ടാണ് ഇതെല്ലാമെന്ന് ഷിബു തന്നോട് പറഞ്ഞെത്. ‘ കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സി.ബി.ഐയ്ക്ക് താനൊരു മൊഴിയും നല്‍കിയിട്ടില്ലെന്നും മാണി സി.കാപ്പന്‍ പറയുന്നു. താനുമായി ബന്ധപ്പെട്ട് സി.ബി.ഐയില്‍ കേസുമില്ല കാപ്പൻ പറയുന്നു.

കോടിയേരിക്കെതിരെ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പാലാ നിയുക്ത എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നായിരുന്നു ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചോദ്യം. മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തതായി മുംബൈയിലെ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐയ്ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഓഹരി വിതരണവുമായി ബന്ധപ്പെട്ടുള്ള കൈക്കൂലി ഇടപാടില്‍ കോടിയേരിക്ക് പങ്കുണ്ട് എന്നാണ് മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്നുമാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നും ഷിബു ബേബി ജോണ്‍ പറയുന്നു. മാണി സി കാപ്പൻ നൽകിയ മൊഴിയുടെ പകർപ്പും ദിനേഷ് മേനോൻ സിബിഐയ്ക്ക് അയച്ച കത്തിൻ്റെ പകർപ്പും ഷിബു ബേബി ജോൺ പോസ്റ്റ് ചെയ്തിരിന്നു.

അതിനിടെ, എൻസിപി നേതാവ് മാണി സി. കാപ്പന്റെ മൊഴി നിഷേധിച്ച് മുംബൈ വ്യവസായി രംഗത്തെത്തി. കോടിയേരിക്ക് പണം നൽകിയിട്ടില്ലെന്ന് ദിനേശ് മേനോന്‍ പ്രതികരിച്ചു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോടിയേരിയെയും മകനെയും കണ്ടിരുന്നു. പക്ഷേ, അവര്‍ പണം വാങ്ങിയില്ലെന്നും അദ്ദേഹം പറയുന്നു.