പത്തൊമ്പതുകാരിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കുറ്റത്തിന് 26 കാരനായ യുവാവിനെ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ ശക്തമായ അന്വേഷണത്തെ തുടര്‍ന്ന് ആത്മഹത്യ’ കേസ് കൊലപാതകമായി മാറുകയായിരുന്നു . വാമനപുരം സ്വദേശിയായ ആദര്‍ശ് ആണ് അറസ്റ്റിലായത്.

19 വയസുകാരിയായ രാകേന്ദുവിനെ ക്രൂരമായി കൊലപ്പെടുത്തിയതായി വാമനപുരം ആനാക്കുടി കുന്നുംപുറത്തു വീട്ടില്‍ നിന്നും നന്നാട്ടുകാവ് ജി.വി.എന്‍ മന്ദിരത്തില്‍ വാടകയ്ക്കു താമസിക്കുന്ന ആദര്‍ശ് ഒടുവില്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു . രാകേന്ദു തൂങ്ങി മരിച്ചതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആദര്‍ശിന്റെ നാടകീയ ശ്രമങ്ങള്‍ പോത്തന്‍കോട് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പൊളിഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

23 ന് രാത്രി 8.15 ന് ആദര്‍ശ് മദ്യവും വാങ്ങി വീട്ടിലെത്തി. 10.30 നു മുറിക്കുള്ളില്‍ വച്ച് മദ്യം കഴിച്ചു. ഇതിനിടെ ആദര്‍ശിന്റെ ചില വഴിവിട്ടബന്ധങ്ങളെക്കുറിച്ച് രാകേന്ദുവുമായി വാക്കേറ്റമുണ്ടായി. 11.30 വരെ തര്‍ക്കം നീണ്ടു. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന കമ്പി കൊണ്ട് രാകേന്ദുവിനെ മര്‍ദിക്കുകയും കഴുത്തിലും കാലിലും കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ പാടുകള്‍ അന്വേഷണത്തിന് തെളിവായി ശേഖരിച്ചിട്ടുണ്ട്.കഴുത്തു ഞെരിക്കുകയും നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. പാതി അബോധാവസ്ഥയിലായ രാകേന്ദുവിനെ മുണ്ടുകൊണ്ട് കഴുത്തില്‍ കുടുക്കിട്ട് ഫാനില്‍ കെട്ടിത്തൂക്കി. അതിനു ശേഷം ബാക്കിയുണ്ടായിരുന്ന മദ്യവും കുടിച്ച് അതേ മുറിയില്‍ തന്നെ കട്ടിലില്‍ കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെ 10ന് ആദര്‍ശിന്റെ പിതാവ് അനില്‍കുമാര്‍ വന്നു വിളിച്ചപ്പോഴാണ് ഉണര്‍ന്ന് വാതില്‍ തുറന്നത്. രാകേന്ദു ഫാനില്‍ തൂങ്ങിയെന്നു പറഞ്ഞു.

പൊലീസ് വന്നശേഷം അഴിച്ചാല്‍ മതിയെന്നു പറഞ്ഞതു പോലും കേള്‍ക്കാതെ ആദര്‍ശ് മൃതദേഹം കുരുക്കഴിച്ച് താഴെയിറക്കുകയും അടുത്ത സുഹൃത്തുക്കളുടെയും പിതാവിന്റെയും സഹായത്തോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആദര്‍ശിന്റെ മൊഴിയിലെ വൈരുദ്ധ്യം ആദ്യമേ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിനാല്‍ പഴുതടച്ച് എല്ലാ തെളിവുകളും ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.ആറ്റിങ്ങല്‍ ഡിവൈഎസ്പി പി.വി ബേബിയുടെ നിര്‍ദേശ പ്രകാരം പോത്തന്‍കോട് സിഐ ഡി. ഗോപി , എസ് ഐമാരായ അജീഷ്, രവീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെടുവേലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 10-ാം ക്ലാസ്സ് വിദ്യാര്‍ഥിനിയായിരുന്നപ്പോഴാണ് സമീപത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായിരുന്ന ആദര്‍ശുമായി പരിചയപ്പെടുത്തുന്നതും പ്രണയത്തിലാകുന്നതും. നിറമണ്‍കര എന്‍എന്‍എസ് കോളജില്‍ ബി.എ ഹിസ്റ്ററിക്ക് പ്രവേശനം ലഭിച്ചപ്പോഴും പ്രണയം തുടരുകയായിരുന്നു.പല സ്ഥലങ്ങളിലും ഇവര്‍ ഒരുമിച്ചു പോയിട്ടുണ്ട്. രാകേന്ദുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുവരികയും ഇക്കഴിഞ്ഞ ജനുവരി മുന്നിന്ന് വേങ്കമല ക്ഷേത്രത്തിനു മുന്നില്‍ വച്ച് ആദര്‍ശ് താലി കെട്ടുകയും ചെയ്തു. വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ആദര്‍ശ് മറ്റു പെണ്‍കുട്ടികളെ ഫോണില്‍ വിളിക്കുന്നതു ചൂണ്ടിക്കാട്ടി ഇവര്‍ തമ്മില്‍ തുടക്കത്തിലേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. 71 ദിവസം മാത്രമാണ് ഇവര്‍ ഒരുമിച്ച് കഴിഞ്ഞത്. അധ്യാപനം മതിയാക്കിയ ശേഷം ആദര്‍ശ് ഓട്ടോറിക്ഷ, ടിപ്പര്‍ വാഹനകളില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.