യൂട്യൂബിലൂടെ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ മർദ്ദിച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് രംഗത്തെത്തിയ വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈനെ ആക്ഷേപിച്ച് പിസി ജോർജ്ജ് എംഎൽഎ.

വനിത കമ്മീഷൻ അധ്യക്ഷയുടെ ചരിത്രമൊക്കെ തനിക്കറിയാമെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും പിസി ജോർജ്ജ് കുറ്റപ്പെടുത്തി. ഇടത് പുരോഗമനത്തിന്റെ മഹത്വം കൊണ്ടാണല്ലോ എംഎൽഎക്കെതിരെ ആരോപണം വന്നപ്പോൾ പാർട്ടി കമ്മിറ്റി തീരുമാനിക്കുമെന്നാണ് വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞത്. മറ്റുള്ളവരെല്ലാം കോടതിയിൽ പോണം, സിപിഎമ്മുകാർ വൃത്തികെട്ട പണി ചെയ്താൽ പാർട്ടി കമ്മിറ്റി.

ഓരോരുത്തരെ സ്വഭാവം അനുസരിച്ചാണ് അവർ പ്രതികരിക്കുന്നതെന്നും പിസി ജോർജ്ജ് പറഞ്ഞു. യൂട്യൂബറെ ആക്രമിച്ച സ്ത്രീകൾക്ക് ചേർന്ന അതേ സ്വഭാവമാണ് വനിത കമ്മിഷൻ അധ്യക്ഷയ്ക്കും. അതുകൊണ്ടാണ് ഭാഗ്യലക്ഷ്മിയെ അവർ പിന്തുണച്ചത്. താൻ സ്ത്രീകളെ അപമാനിച്ച് വർത്തമാനം പറയാത്തതു കൊണ്ടും വ്യക്തിപരമായി ആക്രമിക്കാത്തതു കൊണ്ടും അവരെ ചരിത്രം പറയുന്നില്ല. വനിത കമ്മിഷൻ ചെയർപേഴ്‌സണെ തനിക്ക് നന്നായി അറിയാം. അവരെ ചരിത്രവും അറിയാം. കൂടുതലൊന്നും പറയുന്നില്ല. ഒരു ഹിന്റ് മാത്രം തന്നന്നേയുളളൂ പിസി ജോർജ്ജ് പറഞ്ഞു.

അതേസമയം, നേരത്തെ, വിജയ് പി നായരെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയേയും മറ്റ് സ്ത്രീകളേയും പിന്തുണച്ച് എംസി ജോസഫൈൻ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ ഇത്തരത്തിൽ പ്രതികരിക്കേണ്ടി വരുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞിരുന്നു. സൈബർ നിയമത്തിൽ പരിമിതികളുണ്ടെന്നും, ഇത് മറികടക്കാൻ ഭേഗഗതി വരുത്തണമെന്നും എംസി ജോസഫൈൻ ആവശ്യപ്പെട്ടിരുന്നു.