ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് നിയമം ലംഘിച്ചെന്ന ആരോപണത്തിൽ റിഫോം യുകെയ്ക്കെതിരെ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചു . വിദേശ സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നിയമവിരുദ്ധ നടപടികൾ സ്വീകരിച്ചോയെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. നേരത്തെ ഇതേ പാർട്ടിയുടെ സംഭാവനകളുമായി ബന്ധപ്പെട്ട് മെട്രോ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ പരാതികളും പരിശോധിക്കുക.

ചാനൽ 4 ന്യൂസിൽ സെപ്റ്റംബർ 3ന് സംപ്രേഷണം ചെയ്ത റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസിന് നിരവധി പരാതികൾ ലഭിച്ചത്. വെർബാറ്റിം നടത്തിയ ഒളിക്യാമറാ അന്വേഷണത്തിൽ വിദേശ സംഭാവന നൽകാൻ താൽപര്യമുള്ളയാളെന്ന വ്യാജേന റിപ്പോർട്ടർമാർ റിഫോം യുകെയുമായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നിയമത്തിലെ നിയന്ത്രണങ്ങൾ മറികടക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് നിഗൽ ഫരാജിന്റെ അടുത്ത അനുയായികളായ ഡാൻ ജൂക്സ്, ജെയിംസ് ഓർ എന്നിവർ ചർച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇരുവരും രാജിവച്ചിരുന്നു.
ചാനൽ 4 റിപ്പോർട്ടിന് പിന്നാലെ ലഭിച്ച വിവരങ്ങളിൽ അന്വേഷണത്തിന് ആവശ്യമായ കുറ്റകൃത്യങ്ങളുടെ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സംശയാസ്പദമായ സംഭാവനകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച പൊലീസ്, തിരഞ്ഞെടുപ്പ് കമ്മീഷനുമായും ക്രൗൺ പ്രോസിക്യൂഷൻ സർവീസുമായും സഹകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണ്.











Leave a Reply