ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദ റെഡ്‌ക്രോസിന്റെ അടുത്ത പ്രസിഡന്റായി സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഉന്നത നയതന്ത്രജ്ഞ മിര്‍ജാന സ്‌പോല്‍ജാറിക് എഗറിനെ തിരഞ്ഞെടുത്തു. റെഡ്‌ക്രോസിന്റെ 160 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റ് ആണ് മിര്‍ജാന.

ഇപ്പോഴത്തെ പ്രസിഡന്റ് പീറ്റര്‍ മോറര്‍ അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് സ്ഥാനമൊഴിയുന്നത്. ഒക്ടോബര്‍ ഒന്നിനാണ് എഗര്‍ സ്ഥാനമേല്‍ക്കുക. 4 വര്‍ഷമാണ് കാലാവധി. നിലവില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഡവലെപ്‌മെന്റ് പ്രോഗ്രാം ഉപമേധാവിയാണ് എഗര്‍. യൂറോപ്പ് കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്‌റ്റേറ്റ്‌സ് എന്നിവയുടെ യുഎന്‍ഡിപി റീജിയണല്‍ ബ്യൂറോയുടെ ചുമതലയും എഗറിനുണ്ട്.

അടിച്ചമര്‍ത്തപ്പെട്ടും അവഗണിക്കപ്പെട്ടും കഴിയുന്ന വിഭാഗത്തെ സഹായിക്കുന്നതിന് സംഘടന കെട്ടിപ്പടുത്തിരിക്കുന്ന മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ താന്‍ കഠിനമായി പരിശ്രമിക്കുമെന്ന് എഗര്‍ പ്രസ്താവനയില്‍ പറഞ്ഞു.