മിസ് യുണൈറ്റഡ് കോണ്ടിനന്‍സില്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച മിസ് ബ്രിട്ടണ്‍ കിരീടം ചൂടിയ സോയി സമെയിലിയ്ക്ക് അഭിനന്ദനപ്രവാഹം. മത്സരത്തില്‍ നിന്ന് പിന്‍മാറാനുള്ള കാരണം കൂടി സോയി വ്യക്തമാക്കിയതോടെ, ഈ 28കാരിയാണ് സോഷ്യല്‍മീഡിയയിലെ താരം.

ബ്രിട്ടനെ പ്രതിനിധീകരിച്ച് മത്സരിക്കാനായിരുന്നു സോയി തീരുമാനം. മത്സരത്തിനില്ലെന്ന് പ്രഖ്യപിച്ചതിനൊപ്പം മിസ് ബ്രിട്ടണ്‍ കിരീടം സോയി തിരിച്ചു നല്‍കുകയും ചെയ്തു. ഇക്യുഡോറില്‍ സെപ്തംബറിലാണ് സൗന്ദര്യ മത്സരം നടക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ ഇപ്പോഴുള്ള തടി കുറയ്ക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് തയ്യാറാകാതെ സോയി മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

‘ഞാന്‍ എന്നെ സ്‌നേഹിക്കുന്നു. ആര്‍ക്കു വേണ്ടിയും മാറാന്‍ ഞാന്‍ തയ്യാറല്ല. സൈസ് 10 ആയതുകൊണ്ട് മാത്രം എന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ അത് അവരുടെ നഷ്ടമാണ്. ഈ നൂറ്റാണ്ടിലും മറ്റുള്ളവരുടെ താല്‍പര്യങ്ങളില്‍ കൈകടത്തുന്ന ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നത് ശരിക്കും അത്ഭുതപ്പെടുത്തി. ഇത് അംഗീകരിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്.’-സോയി പറയുന്നു. ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചതോടെ, അഭിനന്ദനപ്രവാഹങ്ങളായിരുന്നു സോയിയെ തേടി എത്തിയത്.