തെലുങ്ക് ഇന്റസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ലെന്ന മോഹന്‍ലാല്‍ലിന്റെ പരാമര്‍ശത്തിനെതിരെ മലയാളി പ്രേക്ഷകര്‍. മോശം കണ്ടാല്‍ മോശം എന്നല്ലാതെ മറ്റെന്ത് പറയാനാണ് എന്നാണ് പ്രേക്ഷര്‍ ചോദിക്കുന്നത്. മോഹന്‍ലാലിനെ പോലെ മഹാനായ നടന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും, എന്തും പ്രോത്സാഹിപ്പിക്കാമോയെന്നും ചിലര്‍ പറയുന്നു.

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ടിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തെലുങ്ക് സിനിമകളെ അവിടെയുള്ളവര്‍ എന്നും പ്രോത്സാഹിപ്പിക്കാറെയുള്ളൂ. അവിടെയുള്ളവര്‍ റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ച് ഒരിക്കലും മോശം പറയില്ലെന്നും അത് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരോടുള്ള ബഹുമാനം കൊണ്ടാണെന്നും താരം പറഞ്ഞു. മലയാളത്തില്‍ അങ്ങനെയാണോ എന്നു ചോദിച്ചാല്‍ അറിയില്ലെന്ന് പറഞ്ഞ് ചിരിക്കുന്ന മോഹന്‍ലാലിനെ കാണാം. സംഭവം വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.

‘ഒരുതരത്തിലും സിനിമയെക്കുറിച്ച് ബന്ധമില്ലാത്തവരാണ് സിനിമയെക്കുറിച്ച് മോശം പറയുന്നത്. ഒരു സിനിമയെ വിമര്‍ശിക്കുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണ വേണം. കൊവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരാബാദിലായിരുന്നു. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടുള്ള പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നത് വലിയ കാര്യമാണ്. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമയെ ഇഷ്ടപ്പെടുന്നവര്‍ സമ്മതിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ എഴുതില്ല. ആ ഇന്റസ്ട്രിയെ അവര്‍ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. ആ ഇന്റസ്ട്രിയെ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രേക്ഷകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട്’. – എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍

മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്തതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. തിരക്കഥയിലെയും അഭിനയത്തിലേയും അടക്കം പാകപിഴകള്‍ ചൂണ്ടിക്കാട്ടിയാണ് സിനിമ പ്രേമികള്‍ രംഗത്തെത്തിയത്. മലയാളത്തില്‍ അധികം ഉപയോഗപ്പെടുത്താത്ത മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രമായിരുന്നു മരക്കാര്‍. എന്നാല്‍ വിഎഫ്എകിന്റെ പേരിലും ചിത്രത്തിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു