കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ജയരാജനെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകള്‍. നാമനിര്‍ദേശ പത്രികക്കൊപ്പം ജയരാജന്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ നിലപാട് സ്വീകരിക്കുമെന്നും ജയരാജനെ തോല്‍പ്പിക്കുമെന്നും യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. കേസുകളുടെ വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെ സിപിഎം പാളയത്തില്‍ പുതിയ തലവേദനയാണുണ്ടായിരിക്കുന്നത്.

സംഘപരിവാര്‍ നേതാവായിരുന്ന കതിരൂര്‍ മനോജ്, മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് ജയരാജന്‍ പ്രതിയായിട്ടുള്ളത്. മനോജിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ജയരാജന്റെ നേതൃത്വത്തിലാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമാനം. ഷൂക്കൂറിനെ കൊല്ലാനുള്ള പദ്ധതിയെക്കുറിച്ച് വിവരം ഉണ്ടായിട്ടും ഇക്കാര്യം മറച്ചുവെച്ചു എന്നതാണ് മറ്റൊരു കേസ്. ഈ രണ്ട് കേസുകളും ഉയര്‍ത്തി കാണിച്ചാവും യു.ഡി.എഫ് പ്രചാരണം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയരാജന് പങ്കുണ്ടെന്ന് നേരത്തെ ആര്‍.എം.പി ആരോപിച്ചിരുന്നു. ഇതും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.

അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുക തുടങ്ങിയ കേസുകളും ജയരാജനെതിരെയുണ്ട്. ഈ കേസില്‍ ഒരെണ്ണത്തില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്യായമായി സംഘം ചേര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവിനും പിഴ അടക്കാനുമാണ് ശിക്ഷിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ തീരുമാനമാവുന്നതുവരെ വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.