ന്യൂസ് ഡെസ്ക് മലയാളം യുകെ

2022 – ലെ രാജ്യത്തേയ്ക്കുള്ള കുടിയേറ്റം745,000 ആയി വർദ്ധിച്ചതായുള്ള കണക്കുകൾ പുറത്തുവന്നു. കുടിയേറ്റം പ്രതീക്ഷിച്ചതിലും കുതിച്ചുയർന്നതിനെ തുടർന്ന് വൻ വിമർശനങ്ങളാണ് ഋഷി സുനക് സർക്കാർ നേരിടേണ്ടി വന്നിരിക്കുന്നത്. കുടിയേറ്റം കുറയ്ക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുന്നതിൽ സർക്കാർ സമ്പൂർണ്ണ പരാജയമായി എന്നാണ് വിമർശകർ ചൂണ്ടി കാണിക്കുന്നത്. വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന വിസയുടെ എണ്ണത്തിലെ കുതിച്ചു കയറ്റവും അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടിയതിനെയും ചൂണ്ടി കാണിച്ച് കുടിയേറ്റ വിഷയത്തിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് ലേബർ പാർട്ടി ആരോപിച്ചു.

യുകെയിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാൻ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് പുറത്താക്കപ്പെട്ട മുൻ ആഭ്യന്തര സെക്രട്ടറി സുവല്ലാ ബ്രാവർമാൻ പറഞ്ഞു. യുകെയിലേയ്ക്ക് വരുന്ന വിദ്യാർഥികളുടെ ആശ്രിതരെ തടയുന്നതും വിസ ചെലവ് വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നടപടികളിലൂടെ കുടിയേറ്റം കുറയ്ക്കുന്നതിന് ശ്രമിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്നത്തോട് പ്രതികരിച്ചത്. 2010 -ൽ അന്നത്തെ പ്രധാനമന്ത്രിയും ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറിയുമായ ഡേവിഡ് കാമറൂൺ കുടിയേറ്റം പ്രതിവർഷം 100,000 -ത്തിൽ താഴെയാക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. എന്നാൽ ഇതുവരെ ഒരു സർക്കാരിനും ആ വാഗ്ദാനം പാലിക്കാൻ സാധിച്ചിട്ടില്ല.

ഇതിനിടെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ സർക്കാർ ആലോചിക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. ആരോഗ്യ, സാമൂഹിക പരിപാലന പ്രവർത്തകർക്ക് അവരോടൊപ്പം ആശ്രിത വിസയിൽ കൊണ്ടുവരാവുന്നവരുടെ എണ്ണം ഒന്നായി പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചനയിലാണ്. എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ ജോലിക്കായും പഠനത്തിനായും യുകെയിലെത്തുന്ന മലയാളികളെ വളരെ പ്രതികൂലമായി ബാധിക്കും. പലരും പഠനത്തിനായി യുകെയിലെത്തുന്നതു തന്നെ ആശ്രിത വിസയിൽ ബന്ധുക്കളെയും കൂടി കൊണ്ടുവരാനും കൂടിയാണ്. എൻഎച്ച്എസിലും കെയർ ഹോമുകളിലും ജീവനക്കാരായി എത്തി പെർമനന്റ് വിസയെടുത്ത ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണ്ടെത്തലുകൾ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ വന്നവരിൽ നല്ലൊരു ശതമാനം മലയാളികളും ഉൾപ്പെടുന്നുണ്ട്