ലണ്ടന്‍: ബ്രെക്‌സിറ്റ് രാജ്യത്ത് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം കുറയ്ക്കുമെന്ന ആശങ്ക നിലനില്‍ക്കെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവുമായി എംപിമാര്‍ രംഗത്ത്. ഈ പദവി ലഭ്യമാക്കുന്നതിലൂടെ യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാരായ ജീവനക്കാര്‍ക്ക് ആശങ്കകളില്ലാതെ ബ്രിട്ടനില്‍ ജോലി ചെയ്യാനാകും. നിലവിലുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മാത്രം ഈ പദവി നല്‍കിയാല്‍ പോരയെന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജോലി നല്‍കുന്നത് തുടരണമെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു. കണ്‍സര്‍വേറ്റീവ്, ലേബര്‍, ലിബറല്‍ ഡെമേക്രാറ്റ് എംപിമാര്‍ സംയുക്തമായാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്.
എന്‍എച്ച്എസ് സൈക്യാട്രിസ്റ്റ് കൂടിയായ ടോറി ഹെല്‍ത്ത് മിനിസ്റ്റര്‍ ഡോ. ഡാന്‍ പൗള്‍ട്ടറാണ് ഈ ആവശ്യം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഈ സൗകര്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ ആരോഗ്യ സേവന മേഖലയുടെ പ്രവര്‍ത്തനത്തെ അത് രൂക്ഷമായി ബാധിക്കുമെന്ന് അദ്ദേഹം ഒബ്‌സര്‍വറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രൊഫഷണലുകളോട് ഏറെ കടപ്പെട്ട് നില്‍ക്കുകയാണ് എന്‍എച്ച്എസ്. അവരില്ലാതെ നമ്മുടെ ആരോഗ്യ സേവന മേഖലയ്ക്ക് നിലനില്‍പ്പില്ലെന്നും അദ്ദേഹം പറയുന്നു.

യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് യുകെയില്‍ തുടരാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അതോടൊപ്പം വരും ദിവസങ്ങളില്‍ രോഗികളെ പരിചരിക്കേണ്ടതും അത്യാവശ്യമാണ്. ഭാവിയില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് എന്‍എച്ച്എസുമായി ഫലപ്രദമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായുള്ള വിസ നിയമങ്ങള്‍ ആവിഷ്‌കരിക്കണമെന്നും പൗള്‍ട്ടര്‍ ആവശ്യപ്പെട്ടു. യൂറോപ്പില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് ബ്രെക്‌സിറ്റില്‍ ആശങ്കകള്‍ ഉണ്ടെന്നും തന്റെ സഹപ്രവര്‍ത്തരായ ചിലര്‍ പോലും തിരികെ പോകാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രെക്‌സിറ്റ് ആശങ്കകള്‍ മൂലം എന്‍എച്ച്എസില്‍ നിന്ന് രാജിവെക്കുന്ന യൂറോപ്യന്‍ ജീവനക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയുണ്ടായതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 17,197 പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം എന്‍എച്ച്എസിലെ ജോലി ഉപേക്ഷിച്ചത്. നിലവില്‍ ജീവനക്കാരുടെ ക്ഷാമം മൂലം പ്രതിസന്ധി നേരിടുന്ന എന്‍എച്ച്എസിന് ബ്രെക്‌സിറ്റ് കനത്ത പ്രഹരമായിരിക്കും നല്‍കുക.