ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിൽ വർണ്ണവിവേചനം നേരിട്ട ജീവനക്കാരിക്ക് നഷ്ടപരിഹാരം ലഭിച്ചു. ജീവനക്കാരുടെ വിവരണങ്ങളും മറ്റും അടങ്ങുന്ന സ്പ്രെഡ്ഷീറ്റിൽ മോശമായ പേരിൽ അഭിസംബോധന ചെയ്യപ്പെട്ടതിന് പിന്നാലെ ഏകദേശം 60,000 പൗണ്ടാണ് എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞയ്ക്ക് നഷ്ടപരിഹാരം ലഭിച്ചത്. തന്റെ കൂടെ ജോലി ചെയ്തിരുന്ന ശാസ്ത്രജ്ഞരിൽ ഒരാൾ തനിക്ക് നേരെ ടെസ്റ്റ് ട്യൂബ് എറിഞ്ഞതിനെക്കുറിച്ച് പരാതിപ്പെട്ടതിന് പിന്നാലെ ഉബാഹ് ജമയ്ക്ക് ജോലി സ്ഥലത്ത് വിവേചനങ്ങൾ നേരിടേണ്ടി വന്നു.

രണ്ട് ആശുപത്രികളിലുള്ള സഹപ്രവർത്തകർക്ക് കാണാൻ കഴിയുന്ന രീതിയിൽ ഒരു പങ്കിട്ട മൈക്രോസോഫ്റ്റ് എക്സൽ ഡോക്യുമെന്റിൽ ഇവരുടെ പേരിന് പകരം വളരെ മോശമായ പദമാണ് ഉപയോഗിച്ചത്. ഉബാഹ് ജമ ഇതിനെപ്പറ്റി തൻെറ മേധാവിയോട് പരാതിപ്പെട്ടെങ്കിലും യാതൊരു വിധ നടപടിയും എടുത്തിട്ടുണ്ടായിരുന്നില്ല എന്ന് ട്രൈബ്യുണൽ കണ്ടെത്തി. ഈസ്റ്റ് ലണ്ടനിലെ ബാർക്കിംഗ് ഹാവറിംഗ് & റെഡ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിൽ ജോലി ചെയ്യുന്നതിനിടെ രണ്ട് വർഷത്തിനിടെ നിരവധി വംശീയ വിവേചനങ്ങൾക്ക് താൻ ഇരയായെന്ന് സോമാലിയൻ വംശജയായ ഉബാഹ് ജമ പറഞ്ഞു.

ഉബാഹ് ജമ വർണവിവേചനം നേരിട്ടതായി ട്രൈബ്യുണൽ കണ്ടെത്തിയതിന് പിന്നാലെ നഷ്ടപരിഹാരമായി 58,632 പൗണ്ട് ലഭിച്ചു. 2019 ഫെബ്രുവരി മുതൽ ലണ്ടനിലെ റോംഫോർഡിലെ ക്വീൻസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ബയോകെമിസ്ട്രി വിഭാഗത്തിലെ നാല് മുതിർന്ന ബയോകെമിസ്റ്റുകളിൽ ഒരാളാണ് ജാമ. കഴിഞ്ഞ ഫെബ്രുവരിയിൽ സഹപ്രവർത്തകയായ ടാറ്റിയാന സഡോറോസ്‌നി താനും കറുത്തവർഗക്കാരായ രണ്ട് സഹപ്രവർത്തകരും ഇരിക്കുന്ന ബെഞ്ചിലേക്ക് ദ്രാവക സാമ്പിൾ അടങ്ങിയ ഒരു പ്ലാസ്റ്റിക് ട്യൂബ് എറിഞ്ഞതും അവർ ട്രൈബുണലിൻെറ ശ്രദ്ധയിൽ കൊണ്ടുവന്നു.