നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ (PFI) മുൻ ഭാരവാഹികളുടെ വീടുകളിൽ എൻഐഎ റെയ്ഡ്. ലോക്കൽ പോലീസിന്‍റെ സഹായത്തോടെ ഇന്ന് പുലർച്ചെയാണ് പരിശോധന തുടങ്ങിയത്. സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവരുടെ വീടുകൾ തുടങ്ങി സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്.

ദേശീയ അന്വേഷണ ഏജൻസി (NIA)യുടെ ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും റെയ്ഡിനായി സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്‍റെ തുടർച്ചയായാണ് പരിശോധന. നേരത്തെ സംസ്ഥാന നേതാക്കളുടെയും സംഘടനയുടെ ഓഫീസുകളിലും നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു കേന്ദ്രസർക്കാർ സംഘടനയെ നിരോധിച്ചത്.

പുലർച്ചെ മൂന്ന് മണിയോടെ തന്നെ പലയിടങ്ങിലും പരിശോധന ആരംഭിച്ചു. പിഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ റാഷിദിന്‍റെ വീട്ടിലും സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന പത്തനംതിട്ടയിലെ നിസാറിന്‍റെ വീട്ടിലും പരിശോധന നടത്തി. പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളിലും പുലര്‍ച്ചെ മുതല്‍ പരിശോധന തുടരുകയാണ്.

പരിശോധന നടക്കുന്നതിൽ ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ എറണാകുളം റൂറൽ പരിധിയിലാണ്. 12 ഇടങ്ങളിലാണ് ഇവിടെ പരിശോധന. ആലപ്പുഴയില്‍ നാലിടത്തും പരിശോധന നടക്കുന്നുണ്ട്. ആലപ്പുഴയില്‍ ചിന്തൂര്‍, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലാണ് എൻഐഎ സംഘം എത്തിയത്.

തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ എന്നിവിടങ്ങിൽ പിഎഫ്ഐ പ്രവർത്തകൻ തോന്നയ്ക്കൽ നവാസിന്‍റെ വീട്ടിൽ റെയ്ഡ് നടക്കുകയാണ്.

മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. നിരോധിത സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറി തമർ അഷ്‌റഫിന്‍റെ വീട്ടിലാണ് റെയ്ഡ്. പുലർച്ചെ രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് റെയ്ഡെന്നാണ് റിപ്പോർട്ട്.

മലപ്പുറത്തും കോഴിക്കോടും പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ പരിശോധന തുടരുകയാണ്. മുൻപ് അറസ്റ്റിലായ ദേശീയ പ്രസിഡന്‍റ് ഒഎംഎ സലാമിൻന്‍റെ സഹോദരന്‍റെ മഞ്ചേരിയിലെ വീട്ടിൽ പരിശോധന നടന്നു. ഒരേ സമയം മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും റെയ്ഡ് നടക്കുകയാണ്. കോഴിക്കോട് മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പി എഫ് ഐ പ്രവർത്തകൻ നൗഷാദിന്‍റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിൽ കെ സാദത്ത് മാസ്റ്ററുടെ എൻഐഎ പരിശോധന നടത്തി.