പൊള്ളാച്ചി/മലപ്പുറം: വാൽപ്പാറയിൽ നടന്ന ദാരുണ വാഹനാപകടം മലപ്പുറം ജില്ലയിലെ പാങ്ങ് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും പങ്കെടുത്ത വിനോദയാത്ര സംഘം അപകടത്തിൽപ്പെട്ടെന്ന വാർത്ത നാട്ടുകാർ ഞെട്ടലോടെയാണ് അറിഞ്ഞത്. അപകടത്തിൽ ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചതോടെ ഗ്രാമമൊട്ടാകെ കണ്ണീർ കയത്തിലായി.
സ്‌കൂൾ അവധിക്കാലം പ്രയോജനപ്പെടുത്തി 13 പേരടങ്ങുന്ന സംഘം ട്രാവലർ വാനിൽ അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നു. ചെങ്ങോട്ടൂർ സ്വദേശിയായ മുഹമ്മദ് ഫാഹിസ് വാഹനം ഓടിച്ചു. അതിരപ്പിള്ളി സന്ദർശിച്ചതിന് ശേഷം മലക്കപ്പാറ വഴി വാൽപ്പാറയിലെത്തി, തുടർന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്. വൈകിട്ട് അഞ്ചരയോടെ ചുരമിറങ്ങുന്നതിനിടെ 13-ാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചെന്നാണ് പോലീസിന്റെ വിശദീകരണം.
അപകടത്തിൽ ഒരു പുരുഷനും ഏഴ് സ്ത്രീകളും ഉൾപ്പെടെ എട്ടുപേർ സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഡ്രൈവർ അടക്കം പരിക്കേറ്റവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിൽ അധ്യാപകരോടൊപ്പം അവരുടെ സുഹൃത്തുക്കളായ മറ്റു അധ്യാപകരും, സ്കൂൾ ആയയും ബസ് ഡ്രൈവറും ചിലരുടെ കുട്ടികളും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അതിരപ്പിള്ളിയിൽ എടുത്ത വിനോദയാത്ര ചിത്രങ്ങൾ നാട്ടുകാർ പിന്നീട് മാധ്യമങ്ങളുമായി പങ്കുവെച്ചത് ദുരന്തത്തിന്റെ വേദന കൂടുതൽ കടുപ്പമാക്കി.











Leave a Reply