തിഹാർ ജയിലിൽ ഒരു രാത്രി മുഴുവൻ ഉറക്കമില്ലാതെ കഴിയുകയായിരുന്നു ആ നാലുപേരും. അവസാന മണിക്കൂറുകളിൽ മൂന്നാം ജയിലിലെ വ്യത്യസ്ത സെല്ലുകളിൽ ഒറ്റയ്ക്കായിരുന്നു അവർ. ചെയ്ത തെറ്റുകൾ അവർ ഓർത്തിരുന്നോ എന്നു വ്യക്തമല്ല, പക്ഷേ, പുലർച്ചെയോടെ ഒരു കയറിൽ ജീവിതം അവസാനിക്കുമെന്ന തോന്നൽ അവരുടെ ഉറക്കം കളഞ്ഞിരിക്കണം. പ്രതികളിൽ മുകേഷ് സിങ് മാത്രം കഴുമരത്തിലേക്കു കയറുന്നതിനു മുൻപ് ജയിൽ ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ചിരുന്നു.

2012 ഡിസംബറിൽ ഡൽഹിയിൽ ഓടുന്ന ബസില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തവരിൽ നാലുപേർ ഇന്നു രാവിലെ 5.30ന് തൂക്കുകയറിൽ ഒടുങ്ങി. ഒരാൾ നേരത്തേ തന്നെ ആത്മഹത്യയിൽ അഭയം പ്രാപിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതി ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു.

അവസാന ആഗ്രഹം എന്താണെന്നോ വിൽപത്രം എഴുതുകയോ പ്രതികൾ ചെയ്തിട്ടില്ലെന്ന് തിഹാർ ജയിലിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പുലർച്ചെ 3.30ന് പ്രതികളെ വിളിച്ചു. പ്രഭാതഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. കഴുമരത്തിലേക്കു കയറുന്നതിനു മുൻപുള്ള അവസാനത്തെ ഭക്ഷണമായിരുന്നു അത്. ഒരു രാത്രി മുഴുവൻ ഉണർന്നിരുന്ന അവരോട് കുളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും കുളിച്ചില്ല.

നാലുപേരെയും ജയിൽ ‍ഡോക്ടർമാർ പരിശോധിച്ചു. ആരോഗ്യസ്ഥിതി വിലയിരുത്തി. തൂക്കിക്കൊല്ലുന്നതിന് സാക്ഷിയാകാൻ അഞ്ച് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയിൽ സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫിസർ, ജില്ലാ മജിസ്ട്രേറ്റ്, ഒരു ജയിൽ ജീവനക്കാരൻ എന്നിവരായിരുന്നു അത്.

പ്രതികളായ പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവർ തിഹാർ ജയിലിൽ തടവുകാർക്കുള്ള ജോലി ചെയ്തിരുന്നു. ഇതിന്റെ പ്രതിഫലം കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കും. എന്നാൽ അക്ഷയ് താക്കൂർ ജോലി ചെയ്യാഞ്ഞതിനാൽ പ്രതിഫലം ഒന്നും ലഭിച്ചിട്ടില്ല. പ്രതികളുടെ വസ്തുക്കളും കുടുംബത്തിന് അയച്ചുകൊടുക്കും.

പ്രോട്ടോക്കോൾ പ്രകാരം 30 മിനിറ്റുനേരം മൃതദേഹം കഴുമരത്തിൽ തൂങ്ങിക്കിടന്നു. തുടർന്ന് ഡോക്ടർ പരിശോധിച്ച് മരണം ഉറപ്പുവരുത്തി. പോസ്റ്റ്മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിലേക്കു മാറ്റി. അഞ്ചംഗ സംഘം പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് ബന്ധുക്കൾക്ക് മൃതദേഹം കൈമാറും.