ഫ്ലാറ്റ് നിര്‍മാണം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട് നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍. ഫ്ലാറ്റ് നിര്‍മാതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് കേരളം നിയമം നടപ്പാക്കാന്‍ നടപടിയെടുക്കാത്തതെന്നാണ് ആക്ഷേപം. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍ നിയന്ത്രിക്കാനും ഫ്ലാറ്റ് വാങ്ങുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് 2016ല്‍ റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ആക്ട് പാര്‍ലമെന്റ് പാസാക്കിയത്. നിയമം പാസാക്കി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അതില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപവല്‍ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കാന്‍ നടപടിയെടുത്തിട്ടും കേരളം നിസ്സംഗത തുടരുകയാണെന്നാണ് ആക്ഷേപം.

പുതിയ നിയമപ്രകാരം, പരിസ്ഥിതി ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി ലഭിച്ചാല്‍ മാത്രമേ ഫ്ലാറ്റ് നിര്‍മാണം തുടങ്ങാന്‍ കഴിയൂ. പ്രൊജക്ട് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. മരടിലേതുപോലെയുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റിയല്‍ എസ്റ്റേറ്റ് നിയമം എത്രയും വേഗം കേരളത്തില്‍ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.