എറണാകുളം കോതമംഗലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ കന്യാസ്ത്രീ മരിച്ചു. മുരിക്കാശേരി പുത്തേട്ട് കുടുംബാംഗമായ സിസ്റ്റർ ഹെയ്സ്ലെറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോഴിപ്പിള്ളി ഗവ. എൽ.പി. സ്കൂളിന് സമീപം വാഴക്കുളം – കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന റെജിമോൻ ബസിലാണ് അപകടമുണ്ടായത്. ബസ് വളവ് തിരിയുന്നതിനിടെ മുൻവാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
ബസിൽ യാത്രക്കാരുടെ തിരക്ക് കൂടുതലായിരുന്നതിനാൽ സിസ്റ്റർ ഹെയ്സ്ലെറ്റ് വാതിലിനരികെ നിന്നാണ് യാത്ര ചെയ്തിരുന്നത്. ഡ്രൈവർ നിയന്ത്രിക്കുന്ന ഹൈഡ്രോളിക് വാതിൽ അടച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർക്കും മറ്റ് ജീവനക്കാർക്കുമെതിരെ കേസെടുക്കുകയും ചെയ്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകാനുമാണ് ജോയിന്റ് ആർടിഒയുടെ തീരുമാനം.
അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസസമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റർ ഹെയ്സ്ലെറ്റ് അധ്യാപികയായും വിവിധ മഠങ്ങളിലെ മദർ സുപ്പീരിയറായും പ്രൊവിൻഷ്യൽ കൗൺസിലറായും സേവനമനുഷ്ഠിച്ചിരുന്നു. കോതമംഗലം സെന്റ് ജോർജ്, വെളിയേൽചാൽ സെന്റ് ജോസഫ്സ്, ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രദേശത്ത് ദുഃഖാന്തരീക്ഷം നിലനിൽക്കുകയാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കോഴിപ്പിള്ളി എസ്.ഡി പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.











Leave a Reply