ന്യൂഡൽഹി ∙ ഭിന്നശേഷിക്കാരിയായ യുവതിയോടു പരിശോധനയ്ക്കിടെ വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥ. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിരാലി മോദിയോടാണ് ഡൽഹി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥയുടെ അതിക്രമം. 2006–ൽ നട്ടെലിനു ക്ഷതമേറ്റതു മുതൽ വീൽചെയറിലാണ് വിരാലി യാത്ര ചെയ്യുന്നത്. തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള ഫ്ലൈറ്റിൽ പോകുന്നതിനു വേണ്ടിയാണ് വിരാലി ഡൽഹി വിമാനത്താവളത്തിലെത്തിയത്.

വീൽചെയർ കാർഗോയിൽ ഏൽപ്പിച്ച ശേഷം വിരാലിയെ സീറ്റിൽ ഇരുത്തുന്നതിനു വേണ്ടി ഒരു സഹായിയും ഒപ്പമുണ്ടായിരുന്നു. എന്നാൽ പരിശോധനാ കൗണ്ടറിൽ എത്തിയപ്പോൾ ഒരു സിഐഎസ്എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) ഉദ്യോഗസ്ഥ വിരാലിയോട് വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് എഴുന്നേൽക്കാൻ സാധിക്കില്ലെന്നു വിരാലി പറഞ്ഞപ്പോൾ നാടകം കളിക്കരുതെന്നു പറഞ്ഞ ഉദ്യോഗസ്ഥ മുതിർന്ന ഓഫിസറോടു പരാതിപ്പെടുകയും ചെയ്തു .

വീൽചെയർ ഉപയോഗിക്കുന്നയാളാണെങ്കിലും നിരന്തരം വിദേശയാത്രകൾ ചെയുന്ന ആളാണെന്നു തെളിയിക്കുന്നതിനായി തന്റെ പാസ്പോർട്ട് ഉൾപ്പെടെ അവരെ കാണിച്ചതായി വിരാലി സിഐഎസ്എഫിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. തിരക്കിനിടയിൽ ഉദ്യോഗസ്ഥയുടെ പേര് ശ്രദ്ധിക്കാൻ സാധിച്ചില്ല. ഒടുവിൽ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥ എത്തി സാധാരണ പരിശോധനകൾ മാത്രം നടത്തി തന്നെ പോകാൻ അനുവദിച്ചു. സംഭവത്തിൽ സിഐഎസ്എഫ് തന്നോടു ഖേദം പ്രകടിപ്പിച്ചതായും വിരാലി പിന്നീട് ട്വീറ്റ് ചെയ്തു.

രണ്ടു വർഷം മുൻ‌പു, മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് ട്രെയിൻ കയറാൻ സഹായിച്ച റെയിൽ‌വേ പോട്ടർ തന്നെ ശാരീരികമായി ചൂഷണം ചെയ്തെന്ന ആരോപണവുമായി വിരാലി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടർന്നു മൈ ട്രെയിൻ ടൂ…എന്ന ഹാഷ്ടാഗിൽ വിരാലി ആരംഭിച്ച പ്രചാരണത്തെ തുടർന്നാണ് എറണാകുളം സൗത്ത റെയിൽവെ സ്റ്റേഷൻ രാജ്യത്തെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ റെയിൽവേ സ്റ്റേഷനായി മാറ്റിയത്. മോഡലിങ് രംഗത്ത് ഉൾപ്പെടെ സജീവമാണ് വിരാലി മോദി.