ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

ഭൗതിക ജീവിതത്തിലെ തിരക്കുകളും ഉത്തരവാദിത്വങ്ങളും വര്‍ധിക്കുമ്പോഴും ആത്മീയ ജീവിതത്തെ ലാഘവത്തോടെ കാണരുതെന്നും ദൈവിക ഉത്തരവാദിത്വങ്ങള്‍ മറക്കരുതെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ‘ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി’ ധ്യാനത്തിന് വിശ്വാസികളെ സജ്ജമാക്കുന്ന ഏകദിന ഒരുക്ക ധ്യാനത്തിന്റെ മൂന്നാം ദിവസം കേംബ്രിഡ്ജ് സെന്റ് ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭയില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി അനുസ്മരിക്കുന്ന ഈ ശ്ലീഹാകാലത്തില്‍ അപ്പസ്‌തോലന്മാരെപ്പോലെ സാക്ഷ്യം വഹിക്കാനും ദൗത്യം നിര്‍വ്വഹിക്കാനും എല്ലാവര്‍ക്കും കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരുക്ക ധ്യാനത്തില്‍ വചന പ്രഘോഷണം നടത്തിയ രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കലും പ്രശസ്ത അല്‍മായ വചന പ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരവും ആത്മീയ ജീവിതത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനയുടെ പ്രാധാന്യവും ഫലദായകത്വവും വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. അനുഗ്രഹീത ക്രിസ്തീയ ഭക്തിഗാന സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂര്‍ നേതൃത്വം നല്‍കിയ സംഗീത ശുശ്രൂഷയും ആത്മീയ ഉണര്‍വേകി. ധ്യാനത്തിന്റെ തുടക്കത്തില്‍ കേംബ്രിഡ്ജ് റീജിയണിന്റെ കോര്‍ഡിനേറ്റര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര എല്ലാവര്‍ക്കും സ്വാഗതാമശംസിച്ചു.

നാലാം ഏകദിന ഒരുക്കധ്യാനം തിങ്കളാഴ്ച മാഞ്ചസ്റ്റര്‍ റീജിയണില്‍ നടക്കും. ലോംഗ്സൈറ്റ് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടക്കുന്ന ഏകദിന ധ്യാനം വൈകിട്ട് 5.30 മുതല്‍ 9.30 വരെയായിരിക്കുമെന്ന് മാഞ്ചസ്റ്റര്‍ റീജിയണല്‍ കോര്‍ഡിനേറ്ററും രൂപതാ വികാരി ജനറലുമായ വെരി. റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ അറിയിച്ചു. (ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്സ് : St. Joseph Church, Longsight, Manchester, M13 OBU). ദൈവാനുഗ്രഹ സമൃദ്ധി നേടാന്‍ എല്ലാവരെയും യേശുനാമത്തില്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.