ഹരാരെ: ബൈബിള്‍ വചനങ്ങള്‍ ഉള്‍ക്കൊണ്ട് കര്‍ത്താവ് നടന്നതുപോലെ വെള്ളത്തിനു മുകളിലൂടെ നടക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതലകള്‍ തിന്നു. സിംബാബ്‌വെയിലെ മപുമലാംഗയിലുള്ള സെയിന്റ് ഓഫ് ദി ലാസ്റ്റ് ഡേയ്‌സ് ദേവാലയത്തിലെ പാസ്റ്ററായ ജൊനാഥന്‍ മതെത്‌വയാണ് ബൈബിളിലെ അദ്ഭുതം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച് മുതലകള്‍ക്ക് ഇരയായത്. പ്രദേശത്തുള്ള മുതലകളുടെ നദി എന്നു തന്നെ വിളിപ്പേരുള്ള നദിയിലാണ് വൈദികന്‍ അദ്ഭുത പ്രവര്‍ത്തിയുടെ പരീക്ഷണം നടത്തി മരണം ഏറ്റുവാങ്ങിയത്.

കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനയ്ക്കിടയില്‍ കര്‍ത്താവ് വെള്ളത്തിനു മുകളില്‍ കൂടി നടന്ന ബൈബിളിലെ ഭാഗം ഇദ്ദേഹം വിശ്വാസികളോട് പറഞ്ഞിരുന്നു. കൂടാതെ താനീ അദ്ഭുത പ്രവൃത്തി എല്ലാവര്‍ക്കും കാട്ടിത്തരുമെന്ന് പറഞ്ഞിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. വെള്ളത്തിനു മുകളിലൂടെ നടക്കുക എന്ന അദ്ഭുത പ്രവൃത്തിക്കായി കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ ആഹാരം പോലും ഉപേക്ഷിച്ച് കടുത്ത പ്രാര്‍ത്ഥനയിലായിരുന്നെന്ന് ഡീക്കണ്‍ എന്‍കോസി പറയുന്നു. അതിനുശേഷവും അദ്ദേഹത്തെ മുതലകള്‍ അക്രമിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും ഇയാള്‍ പ്രതികരിച്ചു.

പാസ്റ്റര്‍ വെള്ളത്തിലേക്കിറങ്ങി കുറച്ചു ദൂരത്തിനുശേഷം അദ്ദേഹം വെള്ളത്തിനു മുകളിലൂടെ നടക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴായിരുന്നു മുതലകളുടെ അക്രമണം എന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. 3 മുതലകളാണ് അദ്ദേഹത്തെ അക്രമിച്ചത്. അവ എവിടെ നിന്ന് എത്തിയെന്നതും വിശ്വസിക്കാനാവുന്നില്ലെന്നും ഇവര്‍ പറയുന്നു. 30 മിനിറ്റുകള്‍ക്കുള്ളില്‍ അവ അദ്ദേഹത്തെ ആഹാരമാക്കിയെന്നും വൈദികന്റേതായി തിരിച്ച് കിട്ടിയത് ഒരു ജോഡി ചെരുപ്പും അടിവസ്ത്രവും മാത്രമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.