ലണ്ടൻ: പൊതുഗതാഗത സംവിധാനങ്ങളിൽ ഉച്ചത്തിൽ സംഗീതം വച്ച് മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും . ബസുകളിലും ട്രെയിനുകളിലും ഉച്ചത്തിൽ പാട്ടുവയ്ക്കുന്നവർക്ക് 100 പൗണ്ട് വരെ പിഴ ചുമത്താനാണ് നിർദേശം. പൊതുഗതാഗത മേഖലയിലെ സാമൂഹികവിരുദ്ധ പെരുമാറ്റം തടയുകയും യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

പൊതുഗതാഗതത്തിലെ ഇത്തരം പെരുമാറ്റങ്ങൾ യാത്രക്കാരെ ബസുകളും ട്രെയിനുകളും ഉപയോഗിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുമെന്ന് ക്യാംപെയ്ൻ ഫോർ ബെറ്റർ ട്രാൻസ്പോർട്ടിലെ മൈക്കൽ സോളമൻ വില്യംസ് പറഞ്ഞു. പ്രത്യേക പരിഗണനയും സൗകര്യങ്ങളും ആവശ്യമുള്ള യാത്രക്കാർക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ പുതിയ നിയമങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ബസ് സർവീസുകളിൽ ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസിന്റെ സാന്നിധ്യം സാധാരണമല്ലാത്തതിനാൽ, പ്രാദേശിക അധികൃതർക്ക് നിയമം നടപ്പാക്കുന്നതിൽ വെല്ലുവിളികളുണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും ഫലപ്രദമായ നടപ്പാക്കൽ ഉറപ്പാക്കണമെന്നും ലിബറൽ ഡെമോക്രാറ്റ് ഗതാഗത വക്താവ് ഒലി ഗ്ലോവർ എംപി പറഞ്ഞു. അതേസമയം, റെയിൽവേ ജീവനക്കാർക്കെതിരായ ആക്രമണങ്ങളും മറ്റു ഗുരുതര സുരക്ഷാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനും സർക്കാർ മുൻഗണന നൽകണമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ ഷാഡോ ഗതാഗത സെക്രട്ടറി റിച്ചാർഡ് ഹോൾഡൻ ആവശ്യപ്പെട്ടു. യാത്രക്കാരുടെ ആത്മവിശ്വാസത്തിന് വ്യക്തിഗത സുരക്ഷയും സംരക്ഷണവും നിർണായകമാണെന്ന് സ്വതന്ത്ര നിരീക്ഷണസംഘമായ ട്രാൻസ്പോർട്ട് ഫോക്കസും ചൂണ്ടിക്കാട്ടി.











Leave a Reply