മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ ലോകായുക്ത നാളെ വിധി പറയും. വാദം പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ഇത് സ്വാഗതാർഹമാണെന്ന് പരാതിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗം ആർ എസ് ശശികുമാർ പ്രതികരിച്ചു.

വിധി സർക്കാരിന് അനുകൂലമാണെങ്കിൽ ഉയർന്ന കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്തമാക്കി. വിധി വൈകുന്നതിനെതിരെ ശശികുമാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി എതിരായാൽ പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം അടക്കം നഷ്ടമാകാൻ സാദ്ധ്യതയുണ്ട്.

അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം, ചെങ്ങന്നൂർ മുൻ എം.എൽ.എ അന്തരിച്ച കെ.കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ എട്ടരലക്ഷം, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസർ പ്രവീണിന്റെ ഭാര്യക്ക് 20ലക്ഷം എന്നിങ്ങനെ അനുവദിച്ചത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് കേസ്. ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്ന് ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലുള്ളത്. കേസിൽ കഴിഞ്ഞ വർഷം മാർച്ച് പതിനെട്ടിന് വാദം പൂർത്തിയായിരുന്നു.