കൊച്ചി: ഫോണ്‍കെണിക്കേസില്‍ എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മുന്നണിയില്‍ എതിരഭിപ്രായമില്ലാത്തതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങിയ ശശീന്ദ്രന് വിലങ്ങുതടിയായിരിക്കുകയാണ് ഈ ഹര്‍ജി. കീഴ്ക്കോടതി വിധി റദ്ദാക്കി കേസില്‍ നിയമ നടപടി തുടരണമെന്നാണ് ഹര്‍ജി ആവശ്യപ്പെടുന്നത്.

നാളെ ശശീന്ദ്രന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുകയാണ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സത്യപ്രതിജ്ഞക്ക് നിശ്ചയിച്ച സമയത്ത് തന്നെ അത് പരിഗണിക്കും. പുതിയ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന കാര്യം വൈകുമെന്ന് സൂചനയുണ്ട്.

മാധ്യമപ്രവര്‍ത്തക പരാതി പിന്‍വലിച്ച സാഹചര്യത്തിലാണ് ശശീന്ദ്രനെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയത്. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് അവസാന നിമിഷം സമര്‍പ്പിക്കപ്പെട്ട സ്വകാര്യ ഹര്‍ജിയും കോടതി തള്ളിയിരുന്നു. മാധ്യമപ്രവര്‍ത്തക നിലപാട് മാറ്റിയതോടെ കേസില്‍ നിന്ന് ഒഴിവാകണമെന്ന് ശശീന്ദ്രന്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.