ബിനോയ് എം. ജെ.

ശാന്തമായ ഒരു ജലാശയത്തിലേക്ക് ഒരു വലിയ കല്ലെടുത്തിടുമ്പോൾ അതിലെ ജലം എപ്രകാരം പ്രക്ഷുബ്‌ധമാകുന്നുവോ അപ്രകാരം വികാരവിചാരങ്ങൾ മനുഷ്യമനസ്സിനെ സദാ പ്രക്ഷുബ്ധമാക്കുന്നു. ജലം പ്രക്ഷുബ്‌ധമാകുമ്പോൾ എപ്രകാരമാണോ ജലാശയത്തിന്റെ അടിത്തട്ട് കാണുവാനാവാത്തത് അപ്രകാരം തന്നെ വികാരവിചാരങ്ങൾ ഉണ്ടാകുമ്പോൾ ഉള്ളിലുള്ള ആത്മാവിനെ കാണുവാൻ കഴിയാതെ പോകുന്നു. ഇപ്രകാരം ആത്മാവ് മറക്കപ്പെടുമ്പോൾ അനന്താനന്ദവും ,അനന്ത ജ്ഞാനവും, അനന്ത ശക്തിയും നമുക്ക് നഷ്ടപ്പെട്ടു പോകുന്നു. മനസ്സ് തന്നെ പ്രക്ഷുബ്ധതയുടെ പര്യായമായതിനാൽ പ്രക്ഷുബ്‌ധത തിരോഭവിക്കുമ്പോൾ മനസ്സും തിരോഭവിച്ചതായി കരുതാം. അതിനാൽതന്നെ പ്രക്ഷുബ്‌ധതകളിൽ നിന്നും മനസ്സിനെ മോചിപ്പിക്കുക എന്നത് ആത്മാവിനെ അറിയുന്നതിനും അതിനെ സാക്ഷാത്ക്കരിക്കുന്നതിനും ഉള്ള ഏകമാർഗ്ഗമാകുന്നു.

വികാരവിചാരങ്ങളിൽ, വിചാരങ്ങളേക്കാൾ മനസ്സിനെ കൂടുതൽ പ്രക്ഷുബ്ധമാക്കുന്നത് വികാരങ്ങളാണെന്ന് വേണമെങ്കിൽ പറയാം. നമുക്ക് ഒരു പ്രശ്നം ഉണ്ടായി എന്ന് കരുതുക. ആദ്യമായി (നിഷേധാത്മക) വികാരങ്ങൾ മനസ്സിൽ അലയടിക്കുന്നു. അത് മനസ്സിനെ അത്രയധികം പ്രക്ഷുബ്ധമാക്കുന്നതിനാൽ ആത്മാവ് മറക്കപ്പെടുകയും നമ്മുടെ അറിവും ആനന്ദവും തത്കാലത്തേക്ക് ഒന്ന് മങ്ങുകയും ചെയ്യുന്നു. ആനന്ദം മറയുന്നതിനാൽ ദുഃഖവും അറിവു മറയുന്നതിനാൽ ആശയക്കുഴപ്പവും സംഭവിക്കുന്നു. കുറേക്കാലം കഴിയുമ്പോഴേക്കും വികാരത്തിന്റെ ഊക്ക് ഒന്ന് കുറയുകയും നാം ചിന്തിച്ചുതുടങ്ങുകയും ചെയ്യുന്നു. അപ്പോൾ ആനന്ദത്തിന്റെയും വിവേകത്തിന്റെയും ഒരു നേരിയ പ്രകാശം ഉള്ളിൽ കണ്ടുതുടങ്ങുന്നു. ചിന്തയിൽ അൽപം കൂടി പ്രതീക്ഷയ്ക്ക് വകയുണ്ട്.

എന്നിരുന്നാലും ചിന്തയും വിജ്ഞാനത്തെ മറക്കുന്നുണ്ട്. ചിന്ത അസ്വസ്ഥതയുടെ ഒരു പുകമറ മനസ്സിൽ സൃഷ്ടിക്കുകയും അനന്തജ്ഞാനത്തെ മറക്കുകയും ചെയ്യുന്നു. അല്പം നിരീക്ഷിച്ചാൽ ഇത് കാണുവാൻ സാധിക്കും. നമ്മുടെ ചിന്തകളുടെയെല്ലാം അടിസ്ഥാനപരമായ കാരണം ജിജ്ഞാസയാകുന്നു. ചിന്തകൾ എപ്പോഴും ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുവാൻ ഉള്ള പരിശ്രമമാകുന്നു. എന്നാൽ ചോദ്യത്തിന് പിറകിൽ തന്നെ ഉത്തരവും കിടപ്പുണ്ട്. ചിന്തയാവട്ടെ അതിനെ മറക്കുന്നു. ചിന്തിക്കാതിരുന്നാൽ ചോദ്യം ചോദിക്കുന്ന അടുത്ത നിമിഷം തന്നെ ഉത്തരവും കിട്ടുന്നു. നമ്മുടെ പല ചോദ്യങ്ങൾക്കും ഉത്തരം വർഷങ്ങൾക്ക് ശേഷമാണ് കിട്ടുന്നത്. ചിന്ത ഇടക്കുവന്നു കയറുന്നതാണ് ഇതിന്റെ കാരണം.

പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുമ്പോൾ വികാരങ്ങൾ നമ്മെ കീഴടക്കുന്നു. ചോദ്യങ്ങൾക്ക് ഉത്തരം അന്വേഷിക്കുമ്പോൾ ചിന്ത മനസ്സിനെ ബാധിക്കുന്നു. വാസ്തവത്തിൽ പ്രശ്നങ്ങളുമില്ല പരിഹാരങ്ങളും ഇല്ല. ചോദ്യങ്ങളുമില്ല ഉത്തരങ്ങളുമില്ല. സത്യം ഏതെങ്കിലും പ്രശ്നത്തിനുള്ള പരിഹാരമോ ചോദ്യത്തിനുള്ള ഉത്തരമോ അല്ല. പ്രശ്നവും ചോദ്യവും പരിമിതങ്ങളായ ഉത്തരങ്ങളെയേ ജനിപ്പിക്കൂ. സത്യമാവട്ടെ എല്ലാ പരിമിതികൾക്കും അപ്പുറത്തുള്ള അനന്തമായ ജ്ഞാമാകുന്നു. നിങ്ങളാകട്ടെ അപരിമിതമായ ആ സത്തയുമാകുന്നു. നിങ്ങൾ പരിമിതരാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ അതിനുത്തരവാദി പരിമിതമായ നിങ്ങളുടെ മനസ്സ് തന്നെ. വികരവിചാരങ്ങൾ മനസ്സിന്റെ പ്രത്യേകതയാണ്. ആത്മാവിന്റേതല്ല.

വികരവിചാരങ്ങളെ ജയിക്കേണ്ടിയിരിക്കുന്നു. നാമവയുടെ അടിമകളായി പോയി. അതാണ് നമ്മുടെ പ്രശ്നങ്ങളുടെയെല്ലാം കാരണം. വികാരം കൊണ്ടാൽ പ്രശ്നങ്ങൾ എളുപ്പത്തിൽ മാറുമെന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ വികാരം കൊള്ളാതിരുന്നാൽ പ്രശ്നങ്ങളുടെ പിറകിൽ തന്നെ പരിഹാരവും കിടക്കുന്നതായി കാണാം. അത് ഉടനടി തന്നെ നമുക്ക് കിട്ടുകയും ചെയ്യും. അതിനാൽ നിങ്ങളുടെ പ്രശ്നങ്ങളുടെ പിറകേ ഓടാതെയിരിക്കുവിൻ. ബാഹ്യപ്രപഞ്ചമാണ് പ്രശ്നങ്ങളുടെ രൂപത്തിൽ നമ്മുടെ മുന്നിൽ വന്നവതരിക്കുന്നത്. അത് ഏതൊക്കെയോ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനുവേണ്ടിയും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനുവേണ്ടിയും മനസ്സ് സൃഷ്ടിക്കുന്ന ഒരു പ്രതിഭാസമാണ്. അത് മായയാണ്. ചോദ്യങ്ങളും പ്രശ്നങ്ങളും തിരോഭവിക്കുമ്പോൾ പ്രപഞ്ചവും തിരോഭവിക്കുന്നു. മനസ്സ് പരിപൂർണ്ണമായി വിശ്രാന്തിയിലേക്ക് വരുമ്പോൾ പ്രപഞ്ചത്തിന് നിലനിൽക്കുവാനാവില്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120