ഷിബു മാത്യു

യുകെയിലെ അസോസിയേഷനുകൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തന ശൈലിയുമായി സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡ്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ (ICANL) മുന്നോട്ട്. 2017ൽ രൂപീകരിക്കപ്പെട്ട അസോസിയേഷൻ, സംഘാടന മികവിലൂടെ ഇന്ത്യൻ സമൂഹത്തിൻ്റെ പ്രശംസ പിടിച്ചു പറ്റുകയാണ്. കൃത്യനിഷ്ഠയോടെ ഇവൻ്റുകൾ സംഘടിപ്പിക്കുന്നതിൽ അസോസിയേഷൻ പ്രത്യേക ശ്രദ്ധ നൽകുന്നു. വ്യക്തമായ പ്ളാനിംഗും ഹോംവർക്കും നടത്തി, പ്രോഗ്രാമുകൾ ക്രമീകരിച്ച സമയത്ത് തുടങ്ങി, നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്ത് അവസാനിപ്പിക്കുന്നതിൽ അസോസിയേഷൻ വിജയിച്ചു കഴിഞ്ഞു.

സ്റ്റേജിൽ സംഘാടകരെക്കൊണ്ട് നിറയുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തി, ചീഫ് ഗസ്റ്റിന് സദസിൽ ഇരിപ്പിടമൊരുക്കി, പ്രസംഗങ്ങൾ ഏറ്റവും ചുരുക്കി, പ്രോഗ്രാമുകൾ ഏവരും മുഴുസമയം ഇരുന്നു കൊണ്ട് കാണുകയും കൈയടികളോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അത്യപൂർവ്വതയ്ക്കാണ് അസോസിയേഷൻ തുടക്കം കുറിച്ചിരിക്കുന്നത്. അസോസിയേഷനോട് സഹകരിക്കുന്ന എല്ലാവരെയും തുല്യതയോടെ പരിഗണിച്ച് ഒപ്പം നിറുത്തി മുന്നേറുന്ന സമീപനത്തിൻ്റെ വിജയമാണ് അസോസിയേഷൻ പ്രോഗ്രാമുകളിൽ ദൃശ്യമാകുന്നത്. മലയാളികൾക്കൊപ്പം ഇതര ഇന്ത്യൻ സംസ്ഥാനക്കാർക്കും പ്രോഗ്രാമുകളിൽ തുല്യ പ്രാധാന്യം നല്കുന്ന നയമാണ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നടപ്പിലാക്കുന്നത്. കൂടാതെ ലോക്കൽ ഇംഗ്ലീഷ് കമ്യൂണിറ്റിലെ അംഗങ്ങളെയും ഇവൻറുകളുടെ ഭാഗമാക്കുന്നതിൽ അസോസിയേഷൻ വിജയിച്ചു കഴിഞ്ഞു.

സ്കൻതോർപ്പിലെ ന്യൂലൈഫ് ചർച്ച് ഹാളിലാണ് ഡിസംബർ 2 ശനിയാഴ്ച ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റും അവാർഡ് നൈറ്റും സംഘടിപ്പിക്കപ്പെട്ടത്. ഹള്ളിൽ നിന്നും ഗെയിൻസ്ബറോയിൽ നിന്നും ഗൂളിൽ നിന്നും കമ്മ്യൂണിറ്റി മെമ്പേഴ്സ് സ്കൻതോർപ്പിൽ നടന്ന ഇൻഡ്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺ ഷയർ സംഘടിപ്പിച്ച കൾച്ചറൽ ഫെസ്റ്റിലും അവാർഡ് നൈറ്റിലും ആവേശത്തോടെ പങ്കെടുത്തു. ഒട്ടും സമയം പാഴാക്കാതെ ഷെഡ്യൂളുകൾ കൃത്യതയോടെ പാലിച്ച് ഓരോ പ്രോഗ്രാമും സ്റ്റേജിലെത്തി. ഇന്ത്യയുടെ കലാപാരമ്പര്യം വിളിച്ചോതുന്ന നിരവധി പെർഫോർമൻസുകൾ അരങ്ങിനെ മനോഹരമാക്കി. കോമ്പയറിംഗ് ടീം മനോഹരമായി സ്റ്റേജ് മാനേജ്മെൻറ് നടത്തി. വന്ദേമാതരം പാടി തുടങ്ങിയ ഇവൻറ് ജനഗണമനയോടെ അവസാനിപ്പിച്ചപ്പോൾ നോർത്ത് ലിങ്കൺഷയറിൽ പിറന്നത് ചരിത്ര നിമിഷങ്ങളായിരുന്നു.

എഡ്യൂക്കേഷൻ സിസ്റ്റം ഇൻ ഇംഗ്ലണ്ട് എന്ന ടോപ്പിക്കിൽ ബിനിൽ പോൾ ഷെഫീൽഡ് നയിച്ച സെമിനാറോടെയാണ് ഇവൻറ് തുടങ്ങിയത്. വളരെ വിജ്ഞാനപ്രദമായ ക്ളാസ് ആയിരുന്നുവെന്ന് പങ്കെടുത്തവർ ഒന്നടങ്കം പറഞ്ഞു. അടുത്തയിലെ യുകെയിലേയ്ക്ക് കുടിയേറിയ കുടുംബങ്ങളെ ലക്ഷ്യം വച്ചാണ് സെമിനാർ ഒരുക്കിയത്. തുടർന്ന് നടന്ന കൾച്ചറൽ ഇവൻ്റിൽ അഞ്ച് ഗ്രൂപ്പ്, 14 വ്യക്തിഗത പെർഫോർമൻസുകളും സ്റ്റേജിൽ എത്തി. സ്കൻതോർപ്പിലെ മിടുക്കർക്കും മിടുക്കികൾക്കുമൊപ്പം ഹൾ, ഗെയിൻസ് ബറോ, ഗൂൾ ടീമുകളുടെ പെർഫോർമൻസുകൾ അവിസ്മരണീയ അനുഭവമായി.

ഇൻഡ്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺ ഷയർ നല്കുന്ന എക്സലൻസ് അവാർഡുകൾ ചീഫ് ഗസ്റ്റ് ഡോ.ഉമാ രാജേഷ് സമ്മാനിച്ചു. കമ്യൂണിറ്റി വർക്ക്, ചാരിറ്റി, ആർട്ട്, ബിസിനസ് സെക്ടർ, പ്രൊഫഷൻ, യൂത്ത് കാറ്റഗറികളിൽ വ്യക്തിമുദ്ര പതിപ്പിച്ച പത്തു പേരാണ് അവാർഡുകൾക്ക് അർഹരായത്. ഡോ. സോഫിയ അരിക്കൽ (സ്കൻതോർപ്പ്), വിക്ടോറിയ കോച്ചേരിൽ ജോണി(സ്കൻതോർപ്പ്), ഡോ. ദീപാ ജേക്കബ്(ഹൾ), ജിബി ജോർജ്(ഹൾ), കലാഭവൻ നൈസ് ( ഹൾ), ബോബി തോമസ് ( ഹൾ), അലാൻ്റോ തോമസ് (ഗെയിൻസ്ബറോ) എന്നിവർ അവാർഡുകൾ വേദിയിലെത്തി സ്വീകരിച്ചു. ആനി ജോസഫ് (ഹൾ), ലീനുമോൾ ചാക്കോ ( ഗ്രിംസ്ബി), അമ്പിളി സെബാസ്റ്റ്യൻ മാത്യു (ഗ്രിംസ്ബി) എന്നിവരും അവാർഡിനർഹരായി.

ഇവൻ്റിൻ്റെ ഭാഗമായി സ്കൻതോർപ്പിലെ ഫുഡ് ബാങ്കിനായി നടത്തിയ ഫണ്ട് റെയിസിഗിലൂടെ അഞ്ഞൂറിലേറെ പൗണ്ട് സമാഹരിക്കാൻ കഴിഞ്ഞു. മനം നിറയ്ക്കുന്ന പെർഫോർമൻസുകളും രുചികരമായ വിഭവങ്ങളുമായി സന്തോഷകരമായ മണിക്കൂറുകളാണ് ICANL ഇവൻറ് സമ്മാനിച്ചത്.
ഇവൻ്റിൻ്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച ഏവർക്കും ട്രഷറർ ബിജോയി ജോർജ് നന്ദി പറഞ്ഞു.

എൻഎംസി രജിസ്ട്രേഷൻ സെമിനാർ, ക്വിസ് കോമ്പറ്റീഷൻ, സമ്മർ ട്രിപ്പ്, ഓണം ഫെസ്റ്റിവൽ, യോഗാ ക്ളാസ്, ഫുട്ബോൾ കോച്ചിംഗ്, ബാഡ്മിൻ്റൺ ട്രെയിനിംഗ് തുടങ്ങിയവ അസോസിയേഷൻ ഈ വർഷം സംഘടിപ്പിച്ചിരുന്നു. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൽ ജോയിൻ ചെയ്ത കേരളത്തിൽ നിന്നുള്ള ന്യൂ റിക്രൂട്ട്സിന് വേണ്ട അടിസ്ഥാന പിന്തുണ നൽകുന്നതിൽ എൻഎച്ച്എസുമായി അസോസിയേഷൻ സഹകരിക്കുന്നുണ്ട്. ഇന്ത്യൻ കമ്മ്യൂണിറ്റിയെ ബാധിക്കുന്ന വിവിധ കാര്യങ്ങൾ നോർത്ത് ലിങ്കൺഷയർ കൗൺസിലിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി അസോസിയേഷൻ ഇടപെടലുണ്ടായി.
ഒരു ചെറിയ സമൂഹത്തിൻ്റെ കൂട്ടായ്മയുടെയും അത്യദ്ധ്വാനത്തിൻ്റെയും പുരോഗമന ചിന്താഗതിയുടെയും വിജയമാണിതെന്ന് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ സെക്രട്ടറി ബിനോയി ജോസഫ് പറഞ്ഞു. യുകെയിലെ ഇന്ത്യൻ സമൂഹത്തിന് മാതൃകയാകുന്ന പ്രവർത്തന ശൈലിയുമായി മുന്നോട്ട് പോകാൻ അസോസിയേഷന് കഴിയട്ടെയെന്ന് പ്രസിഡൻ്റ് നബീൽ മൈതിൻ ആശംസിച്ചു.

ഡിസംബർ 22 ന് ക്രിസ്മസ് കരോൾ, പുൽക്കൂട് മത്സരം, ഡിസംബർ 30 ന് ക്രിസ്മസ് – ന്യൂ ഇയർ സെലബ്രേഷൻ എന്നിവയും ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ സംഘടിപ്പിച്ചിട്ടുണ്ട്.