ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കൊറോണവൈറസ് വ്യാപന നിരക്ക് ക്രമാതീതമായി വർദ്ധിക്കുന്നുണ്ടെന്നും, നിലവിൽ ഇംഗ്ലണ്ടിൽ ആർ നിരക്ക് 0.8 നും 1.1 നും ഇടയിലാണെന്നും യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കിയിരിക്കുകയാണ്. നിലവിൽ ഇംഗ്ലണ്ടിൽ 20 പേരിൽ ഒരാൾക്ക് എന്ന നിലയിലാണ് ഒമിക്രോൺ ബാധ സ്ഥിരീകരിക്കുന്നത്. എന്നാൽ സാധാരണ കോവിഡ് ബാധ ഉണ്ടാകുമ്പോൾ ഉള്ള ലക്ഷണങ്ങൾ നിന്ന് വ്യത്യസ്തമായി, ചില പുതിയ ലക്ഷണങ്ങൾ ഒമിക്രോൺ ബാധിതരിൽ കണ്ടുവരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഇതിൽ ഏറ്റവും പ്രമുഖമായുള്ളത് ഒമിക്രോൺ ബാധിതരുടെ ശരീരത്തു കണ്ടുവരുന്ന സ്കിൻ റാഷസ് ആണ്. എന്നാൽ സ്കിൻ റാഷ് ഉണ്ടെന്നുള്ളത് കൊണ്ടുമാത്രം കോവിഡ് ബാധിതരാണെന്നും വിലയിരുത്താനുമാകില്ല. എന്നാൽ പെട്ടെന്ന് ശരീരത്ത് ഉണ്ടാകുന്ന മാറ്റങ്ങളെ ജനങ്ങൾ ശ്രദ്ധയോടെ കാണണമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.

ഇത്തരം റാഷസിന് ചുറ്റും നല്ലരീതിയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായി ഒമിക്രോൺ ബാധിതർ വ്യക്തമാക്കുന്നുണ്ട്. കാൽ, കൈ മുതലായവയുടെ പാദങ്ങളിലും, കൈമുട്ട്, കാൽമുട്ട് എന്നിവിടങ്ങളിലുമാണ് കൂടുതലായി ഇവ കാണപ്പെടുന്നത്. എന്നാൽ ശരീരത്തിന്റെ ഏത് ഭാഗത്തും ഇത്തരത്തിൽ ഉണ്ടാകാമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇതോടൊപ്പംതന്നെ സാധാരണ കോവിഡ് ബാധ ഉണ്ടാകുമ്പോഴുള്ള ലക്ഷണങ്ങളും ഒമിക്രോണിന് ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് ആരോഗ്യപ്രവർത്തകർ നിഷ്കർഷിക്കുന്നത്. സ്വയം നിയന്ത്രണം ആണ് ഏറ്റവും കൂടുതൽ ഈ രോഗം തടയുന്നതിന് ആവശ്യം എന്നാണ് ആരോഗ്യവകുപ്പും വ്യക്തമാക്കുന്നത്.